'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്

Published : Dec 07, 2025, 08:37 PM IST
Sabarimala ayyappa temple

Synopsis

ശാരീരിക പരിമിതികളെ അതിജീവിച്ച് ശബരിമലയിലെത്തിയ സജീവ് സ്വാമിക്ക് പതിനെട്ടാം പടി കയറാൻ പോലീസ് താങ്ങായി. ഒപ്പം, അഗസ്ത്യാർകൂടത്തിൽ നിന്നുള്ള ഗോത്രസംഘം വനവിഭവങ്ങളുമായി അയ്യപ്പന് കാഴ്ചയർപ്പിച്ച് തങ്ങളുടെ പൂർവികരുടെ സ്മരണ പുതുക്കി.

തിരുവനന്തപുരം: ഇരുകാലുകൾക്കും സ്വാധീനമില്ലെങ്കിലും ശരണവഴികളിൽ തളരാത്ത വിശ്വാസവുമായി എത്തിയ സജീവ് സ്വാമിക്ക് പതിനെട്ടാം പടിയിൽ പോലീസ് സേനാംഗങ്ങൾ താങ്ങായി. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത തിരുവനന്തപുരം, ഭരതന്നൂർ സ്വദേശിയായ സജീവ്, കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ അയ്യപ്പസന്നിധിയിലെത്തുന്നുണ്ട്.

18ാം പടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ അദ്ദേഹത്തെ താങ്ങിയെടുത്ത് പടി കയറ്റുകയായിരുന്നു. 18ാം പടിക്ക് മുകളിലെത്തിയ അദ്ദേഹത്തെ NDRF സേനാംഗങ്ങൾ ശ്രീകോവിലിന് മുന്നിൽ എത്തിച്ചു. ശാരീരിക അവശതകൾക്കിടയിലും, അടുത്ത മണ്ഡലകാലത്തും ദർശനപുണ്യം സാധ്യമാകണമെന്ന പ്രാർത്ഥന മാത്രമാണുള്ളതെന്നാണ് അദ്ദേഹം ശ്രീകോവിലിന് മുന്നിലെത്തിയപ്പോൾ പറഞ്ഞത്.

പതിവുതെറ്റാതെ അയ്യന് കാഴ്ചദ്രവ്യങ്ങൾ സമർപ്പിച്ച് അഗസ്ത്യാർകൂടം ഗോത്രസംഘം

അഗസ്ത്യാർകൂടത്തിന്റെ മടിത്തട്ടിൽ നിന്ന് വ്രതശുദ്ധിയോടെ ശേഖരിച്ച കാഴ്ച്ചദ്രവ്യങ്ങൾ കാണിഗോത്ര പ്രതിനിധികൾ അയ്യപ്പസ്വാമിക്ക് സമർപ്പിച്ചു. തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽ നിന്നെത്തിയ 167 പേരടങ്ങുന്ന സംഘമാണ് പതിവുതെറ്റിക്കാതെ ഇത്തവണയും മലചവിട്ടി ദർശനസായൂജ്യം നേടിയത്. സംഘനേതാവ് വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 27 കുട്ടികളും 14 ഓളം മാളികപ്പുറങ്ങളും അടങ്ങുന്ന സംഘം മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിലായാണ് പമ്പയിലെത്തിയത്. അയ്യപ്പൻ എന്നു പേരുള്ള ഭിന്നശേഷിക്കാരനായ അംഗവും സംഘത്തിലുണ്ട്.

മുളങ്കുറ്റിയിൽ നിറച്ച കാട്ടുചെറുതേനും, ഈറ്റയിലും അരിചൂരലിലും മെനഞ്ഞ പൂജാപാത്രങ്ങളും കാട്ടുകുന്തിരിക്കവും കരിമ്പും കാട്ടിൽ വിളഞ്ഞ കദളിക്കുലകളും കാട്ടുപൂക്കളും അടങ്ങുന്ന വനവിഭവങ്ങളാണ് ഇവർ അയ്യന് കാഴ്ച്ചയർപ്പിച്ചത്. പരിസ്ഥിതി സൗഹാർദ്ദമായ തീർത്ഥാടനം എന്ന സന്ദേശം കൂടിയാണ് ഇവരുടെ യാത്ര നൽകുന്നത്. വനത്തിനുള്ളിൽ നിന്നും വ്രതശുദ്ധിയോടെ ശേഖരിക്കുന്ന കാഴ്ച്ചദ്രവ്യങ്ങൾ കാട്ടുകൂവ ഇലകളിലാണ് പൊതിഞ്ഞെടുക്കുന്നത്. തലച്ചുമടായാണ് ഇവ സന്നിധാനത്തെത്തിച്ചത്.

നൂറ്റാണ്ടുകൾക്ക് മുൻപ് അഗസ്ത്യവനത്തിൽ നിന്ന് പശ്ചിമഘട്ട വനനിരകളിലൂടെ കാൽനടയായി വന്ന് ദർശനം നടത്തിയിരുന്ന പൂർവികരുടെ സ്മരണ പുതുക്കിയാണ് ഇവർ എത്തുന്നത്. തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ പറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തി വയൽ, കൊമ്പിടി, ചേനാംപാറ, മാങ്കോട്, മുളമൂട്, പാങ്കാവ് എന്നീ ഉന്നതികളിൽ നിന്നും തമിഴ്നാട് കന്യാകുമാരി ജില്ലയിലെ പ്രാവിള, കോരയാർ, ആറുകാണി എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് 145 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇത്തവണ അംഗസംഖ്യ വർദ്ധിച്ചു. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് യാത്ര.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം