'ഒറ്റുകാരന്റെ ജോലിയാണ് അൻവർ ചെയ്തത്'; നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്ന് സജി ചെറിയാൻ

Published : Sep 27, 2024, 10:21 AM IST
'ഒറ്റുകാരന്റെ ജോലിയാണ് അൻവർ ചെയ്തത്';  നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്ന് സജി ചെറിയാൻ

Synopsis

ഒറ്റുകാരന്റെ ജോലിയാണ് പി വി അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ വിമര്‍ശിച്ചു. അൻവറിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്നാണ് സജി ചെറിയാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച അൻവറിനെ തള്ളി സിപിഎം നേതാക്കൾ. ഒറ്റുകാരന്റെ ജോലിയാണ് പി വി അൻവർ ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ വിമര്‍ശിച്ചു. അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ. അൻവറിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്നാണ് സജി ചെറിയാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.

അൻവറിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ പരസ്യ വിമർശനവുമായി കൂടുതല്‍ സിപിഎം നേതാക്കൾ രംഗത്തെത്തുകയാണ്. പാർട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അൻവർ മാറിയെന്ന് പി ജയരാജനും പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അൻവർ മാറിയെന്ന് എം വി ജയരാജൻ പറഞ്ഞു. ഉത്തരം താങ്ങുന്നുവെന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി.വി.അൻവറെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. അൻവർ വലത് പക്ഷത്തിന്റെ കൈകോടാലിയാണെന്നും വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീർണ്ണിച്ച ജൽപ്പനങ്ങൾ അപ്പാടെ ശർദ്ദിക്കുകയാണെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു. പാർട്ടി ശത്രുക്കളുടെ കയ്യിലെ കോടാലിയാണ് അൻവർ എന്നായിരുന്നു പി കെ ശ്രീമതിയുടെ പോസ്റ്റ്. അൻവറിന് സമനില തെറ്റിയെന്നും ഇപ്പോൾ പറയുന്നത് പിച്ചും പേയും ആണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വിമർശിച്ചു.

സജി ചെറിയാൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പി വി അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ.

ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പിവി അൻവർ ചെയ്തത്. അദ്ദേഹത്തെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോ ആദര്‍ശമോ ഒന്നുമല്ല. അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ പത്രസമ്മേളനത്തിൽ നടത്തിയ ജല്പനങ്ങൾ. ഇക്കാര്യത്തിൽ ഇതുവരെയുള്ള അയാളുടെ നിലപാടുകളില്‍ നിന്നും പ്രസ്താവനകളിൽ നിന്നും വർഗശത്രുക്കൾക്ക് വേണ്ടിയാണ് അൻവർ പണിയെടുക്കുന്നത് എന്ന് വ്യക്തമാണ്.

അൻവർ മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള പരാതികളിന്മേൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാർ ​ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ പോലും കാത്ത് നിൽക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെയൊരു അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാക്കുന്നതിന് മുൻപ് പുകമറയുണ്ടാക്കുന്നത് എന്തിനാണ്? എന്തിനാണ് സിപിഐഎമ്മിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്?

എല്ലാ തെറ്റായ പ്രവണതകൾക്കുമെതിരെ പൊരുതി പോരാട്ടങ്ങൾ നയിച്ച് ഉയർന്നുവന്ന പാർട്ടിയാണ് സിപിഐഎം. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും പ്രതീക്ഷയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. അസംഖ്യം പോരാട്ടങ്ങളിലൂടെ രക്തസാക്ഷികൾ ജീവൻ നൽകി ഊട്ടിയുറപ്പിച്ച അടിത്തറയിലാണ് പാർട്ടി നിലകൊള്ളുന്നത്. വർഗീയതയോടും ഒരു തരത്തിലുള്ള വലതുപക്ഷ നിലപാടുകളോടും സന്ധിയില്ലാ സമരം നയിച്ചു കൊണ്ടിരിക്കുന്ന പാർട്ടിയാണിത്. ആ പാർട്ടിയുടെ സമുന്നതനായ നേതാവാണ് സ: പിണറായി വിജയൻ. ആർ എസ് എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലയ്ക്ക് വിലയിടുകയും ചെയ്തയാളാണ് അദ്ദേഹം. രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ സംഘപരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാൽ ആ പരിപ്പ് ഇവിടെ വേവില്ല എന്നോർക്കണം. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ അവരുടെ പ്രതീക്ഷയായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ​ഗവൺമെന്റിന് എതിരായി കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം ആരോപണങ്ങളെയും അതുമായി വരുന്നവരെയും അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. ആന മദിച്ചിട്ട് കുലുങ്ങാത്തത് ഇനി കോഴി ചെനച്ചിട്ട് കുലുങ്ങാൻ പോകുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി, കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ‌
ആഗോള അയ്യപ്പ സംഗമം: വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന് ഹൈക്കോടതി, ദേവസ്വം ബോർഡ് വിശദീകരണം നൽകണം