'ഭരണഘടന അട്ടിമറിക്കാൻ പല തലത്തിലും ശ്രമങ്ങൾ നടക്കുന്നു, ഭരണഘടനയുടെ കാവലാളാകണം': സജി ചെറിയാൻ

Published : Jan 26, 2023, 12:50 PM IST
'ഭരണഘടന അട്ടിമറിക്കാൻ പല തലത്തിലും ശ്രമങ്ങൾ നടക്കുന്നു, ഭരണഘടനയുടെ കാവലാളാകണം': സജി ചെറിയാൻ

Synopsis

ഭരണഘടന അട്ടിമറിക്കാൻ പല തലത്തിലും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാം മാറണം. ഭരണഘടന സംരക്ഷിച്ച് നിർത്തേണ്ട ബാധ്യത നമുക്കുണ്ടെന്നും സജി ചെറിയാൻ ഓര്‍മിപ്പിച്ചു.

ആലപ്പുഴ: ആലപ്പുഴയില്‍ സംസ്‌കാരിക മന്ത്രി സജി ചെറിയാൻ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ഭരണഘടന അട്ടിമറിക്കാൻ പല തലത്തിലും ശ്രമങ്ങൾ നടക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാം മാറണം. ഭരണഘടന സംരക്ഷിച്ച് നിർത്തേണ്ട ബാധ്യത നമുക്കുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ജില്ലാ കളക്ടര്‍ കൃഷ്ണ തേജ, എസ്പി ചൈത്ര തെരേസ ജോണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തി. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിച്ചു. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഗവർണർ മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പിണറായി സർക്കാരിന്റെ നേട്ടങ്ങളെ ഗവർണർ പുകഴ്ത്തുകയും ചെയ്തു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നിയമസഭയിൽ സ്പീക്കർ എ.എം.ഷംസീർ പതാക ഉയർത്തി. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ. അംബേദ്കർ, കെ.ആർ.നാരായണൻ  എന്നിവരുടെ പ്രതിമകളിൽ  സ്പീക്കർ പുഷ്പാർച്ചന നടത്തി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിജിപി അനിൽ കാന്ത് ദേശീയ പതാക ഉയർത്തി. തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ റെയിൽവേ മാനേജർ ആർ മുകുന്ദ് പതാക ഉയർത്തി. കെപിസിസി ആസ്ഥാനത്ത് മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള ദേശീയ പതാക ഉയർത്തി.

Also Read: പിണറായി സ‍ർക്കാരിന് അഭിനന്ദനം, നവകേരളം, ലൈഫ് പദ്ധതികളെ പുകഴ്ത്തി ​ഗവർണർ; ആശംസ മലയാളത്തിൽ

പത്തനംതിട്ടയിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പതാക ഉയർത്തി. വിവിധ സേന വിഭാഗങ്ങളുടെ പരേഡിന് പൊലീസ് ഹെഡ്ക്വാർട്ടസ് അസിസ്റ്റന്റ് കമാന്റന്റ് ചന്ദ്രശേഖരൻ നേതൃത്വം നൽകി. സംസ്ഥാനത്ത് സമ്പൂർണ ദാരിദ്ര നിർമാർജനം ആണ് സർക്കാരിന്റെ ലക്ഷ്യം എന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ പതാക ഉയർത്തി.  വിവിധ സേനാംഗങ്ങളുടെ പരേഡിനെ മന്ത്രി അഭിവാദ്യം ചെയ്തു. സംസ്ഥാനങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും കവരുന്നത് ഫെഡറലിസത്തിന് യോജിച്ചതല്ലെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ കെ രാജൻ പറഞ്ഞു. 

Also Read: 'ഒന്നിച്ച് മുന്നേറാം'; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിന്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ജില്ലയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനവേള കൂടിയായ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ 22 പ്ലറ്റൂണുകളിലായി 800 ഓളം പേര്‍ പരേഡിൽ അണിനിരന്നു. ഭൂ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞത് ഇടുക്കിക്ക് വലിയ ആശ്വാസം ആയെന്നും ഈ വർഷം തന്നെ അത് നിയമം ആകുമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാർ നിലപാടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ