സജി ചെറിയാന്‍റെ വിവാദ പ്രസംഗം:ഗുരുതരസ്വഭാവമുളളതെന്ന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്‍റെ വിലയിരുത്തല്‍

Published : Jul 06, 2022, 04:03 PM ISTUpdated : Jul 06, 2022, 04:11 PM IST
സജി ചെറിയാന്‍റെ വിവാദ പ്രസംഗം:ഗുരുതരസ്വഭാവമുളളതെന്ന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്‍റെ വിലയിരുത്തല്‍

Synopsis

നാക്കുപിഴയെന്ന് പറ‍ഞ്ഞുരുളാൻ പരിമിതികളുണ്ട്. കോടതികളിൽ സർക്കാരിന്  വ്യക്തമായ മറുപടി പറയേണ്ടി വരും.

കൊച്ചി:സജി ചെറിയാന്‍റെ കാര്യത്തിൽ കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടാണ് സർക്കാർ അനൗദ്യോഗികമായി നിയമോപദേശം തേടിയത്. ഭരണഘടനയെ വെല്ലുവിളിച്ച മന്ത്രിയുടെ പ്രസ്താവന ഗുരുതര സ്വഭാവമുളളതെന്നുതന്നെയാണ്  മുതിർന്ന സർക്കാർ അഭിഭാഷകരുടെ വിലയിരുത്തൽ.  . നാക്കുപിഴയെന്ന് പറ‍ഞ്ഞുരുളാൻ പരിമിതികളുണ്ട്. തൽക്കാലത്തേക്ക്  സജി ചെറിയാനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചാലും കോടതികളിൽ സർക്കാരിന്  വ്യക്തമായ മറുപടി പറയേണ്ടി വരും.

പൊലീസിലെത്തിയ പരാതികളുടെ കാര്യത്തിലും അധികകാലം കണ്ണടച്ചിരിക്കാനാകില്ല. വേണമെങ്കിൽ പ്രസംഗഭാഗത്തിന്‍റെ ശാസ്ത്രീയ പരിശോധനയുടെ പേരു പറഞ്ഞാ തൽക്കാലത്തേക്ക് നീട്ടിക്കൊണ്ട് പോകാം. അല്ലെങ്കിൽ നടപടിയെടുക്കാതെ കോടതി തീരുമാനക്കട്ടെയെന്ന് പറഞ്ഞ് കാത്തിരിക്കാം. എന്തുതന്നെയായാലും തീക്കൊളളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്.

നിയമവഴിയിലും സജി ചെറിയാനെതിരെ മൂന്നു സാധ്യതകളാണുളളത്. പരാതി നൽകിയിട്ടുംകേസെടുക്കാത്തതിന് കോടതിയെ സമീപിക്കാം. കോടതി നിർദേശിച്ചാൽ എഫ് ഐ ആർ‍ ഇടേണ്ടിവരും. ഹൈക്കോടതിയിൽ കോവാറന്‍റോ ഹർജിയാണ് മറ്റൊന്ന്. ഭരണഘടനയിലൂന്നി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തളളിപ്പറഞ്ഞതോടെ മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യത നഷ്ടപ്പെട്ടെന്ന് നിലപാടെടുക്കണം. മുഖ്യമന്ത്രിയേയും ഗവർണറേയും എതിർകക്ഷിയാക്കിയുളള ഹർജിയാണ് മറ്റൊരു സാധ്യത. എന്നാൽ  കോവാറന്‍റോ ഹർജിയിലും ഗവ‍ർണറെ എതിർകക്ഷിയാക്കിയുളള ഹർജിയിലും കോടതിയെത്രകണ്ട് ഇടപെടുമെന്ന് കണ്ടറിയണം

മന്ത്രി രാജിവയ്ക്കണോ വേണ്ടയോ,ആദ്യം സിപിഎം പറയട്ടെ , പിന്നീട് സിപിഐ പ്രതികരിക്കാം-കാനം രാജേന്ദ്രൻ

 

ഭരണഘടനാ വിരുദ്ധ പ്രസംഗം(against constitution of india) നടത്തിയ മന്ത്രി സജി ചെറിയാൻ (saji cheriyan)രാജി വയ്ക്കണോ വേണ്ടയോ എന്നതിൽ ആദ്യം സി പി എം(cpm) പ്രതികരണം വരട്ടെയെന്ന് സി പി ഐ (cpi)സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(kanam rajendran). അത് കഴിഞ്ഞ് സി പി ഐ പ്രതികരിക്കാം എന്നും കാനം രാജേന്ദ്രൻ പറഞ്ഞു

സജി ചെറിയാന്‍ വിവാദം; 'ഉചിതമായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും': സീതാറാം യെച്ചൂരി

ദില്ലി: ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പരാമർശങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരം തേടി. ഉചിതമായി നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.

സംസ്ഥാന നേതാക്കളോട് സംസാരിച്ചിരുന്നു. അവിടെ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സജി ചെറിയാൻ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നാവ് പിഴയെന്നായിരുന്നു പിബി അംഗം ബേബി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

സജി ചെറിയാനെതിരെ ജസ്റ്റിസ് കെ.റ്റി.തോമസ്

സജി ചെറിയാൻ ചെയ്തത് കുറ്റം. ആരെങ്കിലും കേസ് കൊടുത്താൽ മന്ത്രി പ്രതിയാകും. ഇന്ത്യൻ ജനതയോട്  മന്ത്രി മാപ്പു പറയണം.ഇന്ത്യയുടെ ഭരണഘടന എഴുതിയത് ഇന്ത്യക്കാർ. മന്ത്രിക്ക് ഭരണഘടനയെ കുറിച്ച് തെറ്റായ ധാരണ. മന്ത്രിസഭയിൽ വേണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും ജസ്ററീസ് കെടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഖേദം പ്രകടിപ്പിച്ചാൽ പിന്നെ വിവാദമാക്കുന്നത് എന്തിന്?.ഐസക്

ബിജെപി സംഘപരിവാർ ശക്തികളാണ് ഭരണഘടനയെ അട്ടിമറിക്കുന്നത് .അതിനെതിരെ ഉള്ള ചെറുത്ത് നിൽപ്പാണ് സിപിഎം നയം.സജി ചെറിയാന്‍റെ വിശദീകരണം വന്നു കഴിഞ്ഞു.എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഖേദം പ്രകടിപ്പിച്ചു.അത് അവിടെ അവസാനിച്ചു.തർക്കം കൊണ്ട് വരുന്നതിന് പിന്നിൽ മറ്റ് താല്പര്യങ്ങൾ..സജി ചെറിയാൻ പറയാൻ ഉദ്ദേശിച്ചത് അതല്ല..പാർട്ടി നിലപാട് അതല്ല.തെറ്റിദ്ധാരണ ഉണ്ടായത് കൊണ്ടാണ് വീഡിയോ സിപിഎം പേജില്‍ നിന്ന് നീക്കം ചെയ്തത്.അതിൽ തെറ്റില്ല.ഖേദം പ്രകടിപ്പിച്ചാൽ പിന്നെ വിവാദമാക്കുന്നത് എന്തിന്.മന്ത്രി പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും വ്യാഖ്യാനിക്കാനില്ല

'ഭരണഘടനയെ അധിക്ഷേപിച്ചു', സജി ചെറിയാനെതിരെ ഗവർണർക്ക് ലോയേഴ്സ് ഫോറത്തിന്റെ പരാതി

തിരുവനന്തപുരം : ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്ക് പരാതി. കേരളാ ലോയേഴ്സ് ഫോറമാണ് പരാതി നൽകിയത്. ഇന്ത്യൻ ഭരണഘടനയെ തളളിപ്പറഞ്ഞ മന്ത്രിക്കെതിരെ ഗവർണർ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരം ഗവർണറാണ് മന്ത്രിയാകാൻ അംഗീകാരം നൽകിയത്. അതിനാൽ ഭരണഘടനയെ വെല്ലുവിളിച്ച മന്ത്രിയുടെ നിലപാടിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തി തുടർ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്. 

അതേ സമയം, ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തിൽ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിഞ്ജ ലംഘനം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബൈജു നോയൽ ഇന്നലെ പൊലീസിൽ കൊടുത്ത പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. 

വിഷയത്തിൽ പത്തനംതിട്ട എസ്പിക്ക് കിട്ടിയ പരാതികൾ തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറി. ഈ പരാതികളിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ പൊലീസിന് ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാന തലത്തിൽ നിന്നുള്ള നിർദേശത്തിന് ശേഷം മാത്രമേ പൊലീസ് നടപടികളിലേക്ക് കടക്കുകയുള്ളു. മന്ത്രിയുടെ പ്രസംഗം പരിശോധിച്ച ശേഷം നിയമ ഉപദേശം തേടുന്നതിനെ പറ്റിയാണ് പൊലീസ് ആലോചിക്കുന്നത്. 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം