ആശ്വാസം, മുഖ്യമന്ത്രി ഉറപ്പ് പാലിച്ചു; കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം തുടങ്ങി

By Web TeamFirst Published Sep 6, 2022, 9:07 PM IST
Highlights

സർക്കാർ അധികമായി അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് കുടിശ്ശിക തീർക്കുന്നത്. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് പിന്നാലെ, കെഎസ്ആർടിസിയിൽ കുടിശ്ശിക ശമ്പള വിതരണം തുടങ്ങി. ചൊവ്വാഴ്ച രാത്രി തന്നെ എല്ലാ ജീവനക്കാരുടേയും അക്കൗണ്ടിൽ പണമെത്തുമെന്ന് മാനേജ്മെൻറ് അറിയിച്ചു. ജൂലൈ മാസത്തെ 25% കുടിശ്ശികയും ഓഗസ്റ്റിലെ ശമ്പളവുമാണ് നൽകുന്നത്. സർക്കാർ അധികമായി അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് കുടിശ്ശിക തീർക്കുന്നത്. ഇന്ന് തന്നെ ശമ്പള കുടിശ്ശിക തീർക്കുമെന്ന്  ഇന്നലെ ജീവനക്കാർക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിൽ എത്തിത്തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. യോഗത്തില്‍ മുഴുവന്‍ ശമ്പളവും കൊടുത്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

സർക്കാർ നൽകിയ പണത്തിനൊപ്പം കെഎസ്ആർടിസിയുടെ കയ്യിലുള്ള തുക കൂടി ചേർത്താണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള വിതണം പൂർത്തിയാക്കുക. ഓണം ബോണസോ, ആഡ്വാൻസോ നൽകാൻ പണമില്ലെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. നേരത്തെ, ശമ്പളം മുടങ്ങിയതിന് പിന്നാലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പരസ്യമായി എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. 

സിംഗിൾ ഡ്യൂട്ടി നടപ്പാക്കും എന്ന വ്യവസ്ഥയോടെയാണ് പണം നൽകുന്നതെന്ന് വ്യക്തമാക്കി ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ ഉത്തരവിറക്കി. എന്നാൽ സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറാണോ എന്ന് പറയാതെയാണ് ഉത്തരവ്. അതോടൊപ്പം സിംഗിൾ ഡ്യൂട്ടി എങ്ങനെ നടപ്പാക്കണം എന്ന് ചർച്ച ചെയ്യാൻ തിരുവനന്തപുരം ജില്ലയിലെ ക്ലസ്റ്റർ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഒക്ടോബർ ഒന്ന് മുതൽ മൂന്ന് മാസം കൊണ്ട് ഘട്ടംഘട്ടമായി സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന് ഇന്നലെ തൊഴിലാളി നേതാക്കളുമായി  മുഖ്യമന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു.

click me!