പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത

Published : Oct 26, 2020, 07:49 AM IST
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത

Synopsis

മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമസ്ത നേതൃയോഗം 

കോഴിക്കോട്: മുന്നാക്ക സംവരണത്തിന്റെ മറവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന സംവരണ അട്ടിമറിക്കെതിരേ സമസ്ത പ്രക്ഷോഭത്തിന്. യാതൊരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെയുള്ള മുന്നാക്ക സംവരണം ഉദ്യോഗ, വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമസ്ത നേതൃയോഗം വിലയിരുത്തി.

മെഡിക്കല്‍, എന്‍ജിനീയറിങ്, ഹയര്‍ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലിസ്റ്റുകളില്‍ തന്നെ വലിയ രീതിയില്‍ സംവരണ അട്ടിമറിയും മെറിറ്റ് അട്ടിമറിയും കണ്ടെത്തിയിരുന്നു. സംവരണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉദ്യോഗ മേഖലയില്‍ മുസ്‌ലിം, ദലിത് വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത്. 

മെറിറ്റ് സീറ്റില്‍ നിന്ന് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പറയുന്ന സര്‍ക്കാര്‍ 20 ശതമാനം സീറ്റാണ് പിന്നാക്കക്കാര്‍ക്കു കൂടി അവകാശപ്പെട്ട മെറിറ്റ് സീറ്റില്‍ നിന്ന് കവര്‍ന്നെടുത്തത്. പിന്നാക്ക സംവരണ അട്ടിമറിയോടൊപ്പം സവര്‍ണ ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായി തയാറാക്കിയ ഈ മെറിറ്റ് അട്ടിമറി ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും കോഴിക്കോട്ടു ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃയോഗം വിലയിരുത്തി.

സാമ്പത്തിക സംവരണത്തിന്റെ മറവിലുള്ള പിന്നാക്ക സംവരണ മെറിറ്റ് അട്ടിമറിക്കെതിരേ വിവിധ സമുദായ സംഘടനകളെ സംഘടിപ്പിച്ച് യോജിച്ച പ്രക്ഷോഭം നടത്താനും യോഗം പദ്ധതി തയാറാക്കി. ഇതിനായി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ ചെയര്‍മാനും മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ കണ്‍വീനറുമായി സമിതി രൂപീകരിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി,  നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.

വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി അംഗങ്ങളുടെയും, നിയമജ്ഞരുടെയും സംയുക്ത യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലും, ഒക്ടോബര്‍ 16ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ 75ാം വാര്‍ഷികാഘോഷ പ്രസംഗത്തിലുമാണ് വിവാഹ പ്രായം ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടത്തിയത്. 

കേന്ദ്ര വനിതാ-ശിശുക്ഷേമ വികസന മന്ത്രാലയം ചുമതലപ്പെടുത്തിയ ജയജയ്റ്റ്‌ലി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഉടനെ തീരുമാനമുണ്ടാവുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിലൂടെ സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാവും. അതിനുപുറമെ പെണ്‍കുട്ടികളുടെ ശാരീരികമാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിത്.

വികസിത രാഷ്ട്രങ്ങളുള്‍പ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണെന്നിരിക്കെ ഇന്ത്യന്‍ വിവാഹ പ്രായത്തില്‍ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്ന് യോഗം വിലയിരുത്തി. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാനും വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, യു. മുഹമ്മദ് ശാഫി ഹാജി, അഡ്വ: കെ.എ ജലീല്‍, അഡ്വ: സജ്ജാദ്, അഡ്വ: അന്‍സാരി, അഡ്വ: മുഹമ്മദ് ത്വയ്യിബ് ഹുദവി പ്രസംഗിച്ചു. ഏകോപന സമിതി കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ വശ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്, വോട്ടെണ്ണൽ 13ന്
കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി