
കാസർകോട്: കാസർകോട്ടെ വനിത ലീഗ് നേതാവിന്റെ 'മുനാഫിഖ്' പരാമർശത്തിൽ സമസ്തക്കുള്ളിലും എതിർപ്പ്. വിശ്വാസിയായ സ്ഥാനാർത്ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമാണെന്ന് കുമ്പോൽ സെയ്ദ് അലി തങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സഭ്യേതര വാക്കുകൾ ഒഴിവാക്കണമെന്നും നാടിന്റെ വികസനം പറഞ്ഞ് വോട്ട് തേടണമെന്നും കുമ്പോൽ സെയ്ദ് അലി തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂരിനെയാണ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന ' മുനാഫിഖ് 'എന്ന് വിളിച്ചത്.
അതേസമയം, എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ നടത്തിയ മുനാഫിഖ് പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആയിഷത്ത് ഫർസാന പ്രതികരിച്ചു. പ്രസംഗത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ആയിഷത്ത് ഫർസാന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദത്തെ നിയമപരമായി നേരിടും. മുനാഫിഖിൻ്റെ പണിയെടുക്കുന്നവൻ എന്നാണ് പറഞ്ഞത്. അത് കപട മതവിശ്വാസി എന്ന നിലക്കല്ല, വിശ്വാസ വഞ്ചന നടത്തി എന്ന അർത്ഥത്തിലാണ് അത് പറഞ്ഞത്. സ്ഥിരമായി ഈ വാക്ക് ആ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ടെന്നും ആയിഷത്ത് ഫർസാന പറഞ്ഞു.
അതേസമയം, ഷാനവാസ് പാദൂരിനെതിരായ 'മുനാഫിഖ് 'പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് എൽഡിഎഫ്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബയോഗത്തിലായിരുന്നു കപട വിശ്വാസിയുടെ പണി എടുക്കുന്നവൻ' എന്ന പരാമർശവുമായി വനിതാ ലീഗ് നേതാവ് പ്രസംഗിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ, പ്രസംഗിച്ച ആയിഷത്ത് ഫർസാന എന്നിവർക്കെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വ്യക്തിഹത്യ നടത്താൻ മനപ്പൂർവ്വമുള്ള പ്രസംഗമാണെന്നാണ് എൽഡിഎഫ് നിലപാട്. നിയമ നടപടി തുടരുന്നതിനൊപ്പം പരാമർശം ചൂണ്ടിക്കാട്ടി യുഡിഎഫിനെതിരെ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെയും ആയിഷത്ത് ഫർസാനക്കെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam