ആ പെട്ടിയിൽ എന്തായിരുന്നു?; സ്വപ്നയുടെ ആരോപണത്തിന് കാന്തപുരം മറുപടി പറയണമെന്ന് സമസ്ത നേതാവ്

By Web TeamFirst Published Jul 24, 2022, 11:41 PM IST
Highlights

ആ സ്യൂട്ട്കേസുകളിൽ എന്തായിരുന്നു എന്നും സ്വപ്‌ന പറയുന്നത് വാസ്തവവിരുദ്ധമാണോ എന്നതിനും കാന്തപുരം മറുപടി പറയണമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ആവശ്യപ്പെട്ടു

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്ക് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. കോൺസുൽ ജനറലിന്റെ ഓഫീസ് വഴി പൊലീസ് പ്രൊട്ടക്ഷനിൽ ഏതാനും സ്യൂട്ട്കേസുകൾ കോഴിക്കോട് മർകസിൽ എത്തിച്ചുവെന്ന് സ്വർണ്ണക്കടത്ത്‌കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ആരോപണം മുൻ നിർത്തിയാണ് സമസ്ത നേതാവിന്‍റെ ആവശ്യം. ആ സ്യൂട്ട്കേസുകളിൽ എന്തായിരുന്നു എന്നും സ്വപ്‌ന പറയുന്നത് വാസ്തവവിരുദ്ധമാണോ എന്നതിനും കാന്തപുരം മറുപടി പറയണമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ കുറിപ്പ് പൂ‍ർണരൂപത്തിൽ

ആ പെട്ടിയിൽ എന്തായിരുന്നു...?

ബഹു.കാന്തപുരം അബൂബക്കർ മുസ്‌ലിയാർക്ക് കോൺസുൽ ജനറലിന്റെ ഓഫീസ് വഴി പൊലീസ് പ്രൊട്ടക്ഷനിൽ ഏതാനും സ്യൂട്ട്കേസുകൾ കോഴിക്കോട് മർകസിൽ എത്തിച്ചുവെന്ന് സ്വർണ്ണക്കടത്ത്‌കേസ് പ്രതി സ്വപ്‌ന സുരേഷ്. 
ആ സ്യൂട്ട്കേസുകളിൽ എന്തായിരുന്നു...? 
സ്വപ്‌ന പറയുന്നത്  വാസ്തവവിരുദ്ധമാണോ...?
ആദരണിയനായ കാന്തപുരവും തന്റെ സംഘടനയും മൗനം  പലിക്കുന്നത്  കൂടുതൽ  സംശയത്തിനിടനൽകുന്നു.
ഉസ്താദ് അങ്ങയുടെ മുൻകാല ചെയ്തികൾ പലതും ദുരുഹമാണ്. എന്തിനാണ് ആ 'തിരുമുടികൾ' അന്ന് കൊണ്ട് വന്നിരുന്നത്...?
നരേന്ദ്ര മോഡിയുടെ സൂഫി സമ്മേളനത്തിൽ പങ്കെടുത്തത് എന്തിനായിരുന്നു...?
 സ്വർഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന ആൾ  താങ്കളാണെന്ന് അരുമശിഷ്യൻമാർ പറഞ്ഞപ്പോൾ മൗനസമ്മതം നൽകിയത് എന്തിനായിരുന്നു...? 
ഔലിയാക്കളുടെ തലവൻ താങ്കളാണെന്ന് പറഞ്ഞപ്പോഴും താങ്കൾ മൗനം പാലിച്ചു. കാന്തപുരം അറിയാതെ ഇനി അള്ളാഹു ഒന്നും ചെയ്യില്ലെന്ന് സ്വന്തക്കാർ പ്രവചിച്ചപ്പോൾ പോലും താങ്കൾ അതിന് എല്ലാ സൗകര്യവും ചെയ്ത്  കൊടുത്തു.
ഇന്നിപ്പോൾ താങ്കളുടെ ശിഷ്യന്മാർ മഹാനായ മടവൂർ ശൈഖിനെ കുറിച്ച് കെട്ടിച്ചമച്ച കള്ള കറാമത്ത് കഥകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് ആളുകൾ ഇസ്‌ലാമിൽ നിന്ന് തന്നെ പുറത്തുപോയി കൊണ്ടിരിക്കുന്നു. പരപ്പനങ്ങാടിയിൽ മാത്രം രണ്ട് പേർ മതനിഷേധികൾ ആയി. സുന്നികളെ രണ്ടാക്കിയ കുറ്റഭാരം ഏറെ ഗുരുതരമാണ്. തെറ്റുകൾ തിരുത്താൻ ഇനിയും കഴിയും. ജീവിച്ചിരിക്കുന്ന സമയം ബുദ്ധിമാനായ താങ്കൾ ഉപയോഗപ്പെടുത്തുമെന്ന് പ്രത്യാശിക്കട്ടെ...
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

click me!