
മലപ്പുറം: സമസ്ത നേതാക്കൾക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന നടത്തിയ മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി വിമര്‍ശിച്ചതിന് പിന്നാലെയാണ് നടപടി. എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും പ്രതികരിച്ച അദ്ദേഹം ഈ നയം മാറ്റത്തിനെതരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു.
ഇതോടെയാണ് ഇകെ വിഭാഗം സമസ്തയുടെ നേതൃത്വം വിശദീകരണം തേടിയത്. ഉമര്‍ഫൈസി മുക്കത്തെ മുന്നില്‍ നിര്‍ത്തി ലീഗ് വിരുദ്ധര്‍ നടത്തുന്ന നീക്കത്തെ ചെറുക്കാന്‍ മുതിര്‍ന്ന നേതാവായ ബഹാവുദ്ദീന്‍ നദ്‌വിയെ തന്നെയാണ് എതിര്‍ വിഭാഗം രംഗത്തിറക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇകെ വിഭാഗം സമസ്തയിലെ ഒരു വിഭാഗം മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. ലീഗ് വിരുദ്ധരായ സമസ്ത നേതാക്കളുടെ അറിവോടെ നടത്തിയ നീക്കം യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കിയതായി ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് ഉമര്‍ഫൈസി മുക്കം ലീഗിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് പുറമേ ലീഗിനെ വിമര്‍ശിച്ച് കൊണ്ടുള്ള ലേഖനം സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വന്നതും ചര്‍ച്ചയായിരുന്നു. ഇത് ഇടത് അനുകൂല നീക്കമാണെന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല നേതാവായ ബഹാവുദ്ദീന്‍ നദ്‌വി വിമര്‍ശനവുമായി രംഗത്ത് വന്നത്.
മുസ്ലിം ലീഗ് വിരുദ്ധരുടെ നിലപാടില്‍ കടുത്ത അതൃപ്തിയിലായ മുസ്ലിം ലീഗ് നേതാക്കള്‍. സുപ്രഭാതം പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും ലീഗ് നേതൃത്വം വിട്ടു നിന്നിരുന്നു. സുപ്രഭാതം ചീഫ് എഡിറ്റര്‍ കൂടിയായ ബഹാവുദ്ദീന്‍ നദ്‌വിയും പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടഞ്ഞത് ലീഗ് നേതൃത്വമാണെന്നും ആരോപണമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam