Waqf Board : മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സമസ്ത യോഗം ഇന്ന്; തുടർപരിപാടികൾ ആലോചിക്കും

By Web TeamFirst Published Dec 8, 2021, 7:01 AM IST
Highlights

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ സമസ്ത നേതാക്കൾ യോഗത്തിൽ അറിയിക്കും. നാളെ കോഴിക്കോട് നടക്കുന്ന മുസ്ലീം ലീഗ് വഖഫ് സംരക്ഷണ സമ്മേളനത്തിൽ സമസ്തയുടെ പ്രവർത്തകർ പങ്കെടുക്കുന്നത് സംബന്ധിച്ചും യോഗത്തിൽ തീരുമാനം ഉണ്ടാകും. 

കോഴിക്കോട്: വഖഫ് ബോർഡ് (Waqf Board) ജീവനക്കാരുടെ നിയമനം പി.എസ്.സിക്കു വിട്ടതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തുടർപരിപാടികൾ ആലോചിക്കാൻ സമസ്ത (Samastha) നേതൃയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മലപ്പുറം (Malappuram) ചേളാരിയിലാണ് ഏകോപന സമിതി യോഗം ചേരുക. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ സമസ്ത നേതാക്കൾ യോഗത്തിൽ അറിയിക്കും. നാളെ കോഴിക്കോട് നടക്കുന്ന മുസ്ലീം ലീഗ് (Muslim League) വഖഫ് സംരക്ഷണ സമ്മേളനത്തിൽ സമസ്തയുടെ പ്രവർത്തകർ പങ്കെടുക്കുന്നത് സംബന്ധിച്ചും യോഗത്തിൽ തീരുമാനം ഉണ്ടാകും. 

വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയായിരുന്നു. നിയമനം പിഎസ് സി ക്ക് വിടും മുമ്പ് വിശദമായ ചർച്ച നടത്തുമെന്നും അത് വരെ തൽസ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. സമസ്ത നേതാക്കളുമായുള്ള ചർച്ചയിലാണ് സർക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ശുഭപ്രതീക്ഷയുണ്ടെന്നും നിയമം റദ്ദാക്കണമെന്നും  സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു. 

വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ‍ർക്കാരിൻറെ പിന്മാറ്റം.  നിയമസഭ  ബിൽ പാസാക്കി ഒരു മാസം തികയും മുൻപാണ് പിന്നോട്ട് പോകൽ.  പി.എസ്.സിക്ക് വിടാനുള്ള തീരുമാനം നവംബർ 9ന് സഭയിൽ പാസാക്കി ഗവർണർ ഒപ്പിട്ട് 14ന് ഗസറ്റ് വിജ്ഞാപനം ഇറക്കി. പിന്നോട്ടില്ലെന്ന് ഇതുവരെ ആവർത്തിച്ച മുഖ്യമന്ത്രി സമസ്തയുമായുള്ള ചർച്ചക്ക് ശേഷം ഇറക്കിയ വാർത്താകുറിപ്പിൽ  സർക്കാരിന് പിടിവാശിയില്ലെന്ന് വ്യക്തമാക്കി.  പിഎസ് സി നിയമനത്തിൽ  വഖഫ് ബോർഡാണ് തീരുമാനമെടുത്തതെന്നും സർക്കാരിന്റെ നിർദേശമായിരുന്നില്ല എന്നും പ്രത്യേകം വിശദീകരിക്കാനും സർക്കാർ ശ്രമിക്കുന്നു.   സംയുക്ത സമര സമിതിയിൽ നിന്നും സമസ്തയെ മാത്രമായി ക്ഷണിച്ചാണ് തീരുമാനത്തിൽ നിന്നുള്ള പിന്നോട്ട് പോകൽ പ്രഖ്യാപിച്ചത് സർക്കാരിൻറെ തന്ത്രമാണ്.

വഖഫ് ബോർഡിന് വിട്ടാൽ മുസ്ലിം വിഭാഗത്തിലല്ലാത്തവർക്കും വഖഫ് ബോർഡിൽ നിയമനം കിട്ടുമെന്ന പ്രചാരണവും നേതാക്കൾ മുഖ്യമന്തിയുടെ ശ്രദ്ധയിൽപ്പെടുത്തി.  ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി. ചുരുക്കത്തിൽ സമുദായ പിന്തുണയോടെ വൻ രാഷ്ട്രീയ സമരമായി മാറിയേക്കാമായിരുന്ന ഒന്നിലാണ് സർക്കാർ പ്രബല പണ്ഡിതസഭയെ കൂട്ടുപിടിച്ച് തൽക്കാലം പരിക്കുകളൊഴിവാക്കിയത്.  നിയമനം പിഎസ് സി ക്ക് വിടുന്നതിൻറെ ഭാഗമായി സർക്കാർ ഇനി പ്രത്യേക ചട്ടങ്ങൾ തയ്യാറാക്കില്ല, പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് അടക്കമുള്ള ബദൽ നടപടികൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കും.

click me!