
കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിലെ പരിപാടിയിലെ വനിതാ പങ്കാളിത്തത്തിൽ വിശദീകരണം തേടി എപി സുന്നി വിഭാഗം. മർക്കസ് കാലാവസ്ഥാ ഉച്ചകോടിയിൽ വിദേശ വനിതകൾ അടക്കം പങ്കെടുത്ത സംഭവത്തിലാണ് സംഘാടകരിൽ നിന്ന് വിശദീകരണം ചോദിച്ചത്. വനിതാ പങ്കാളിത്തത്തിൽ ഒരു വിഭാഗം എതിർപ്പ് അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് വിശദീകരണം തേടിയത്. സ്ത്രീകൾ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന് നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ സംഘാടകരിൽ നിന്ന് വിശദീകരണം തേടിയതായും മറുപടി കിട്ടിയ ശേഷം ഉചിതമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. പൊതുവേദികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെന്നാണ് എപി സുന്നികളുടെ പരമോന്നതനേതാവ് എ.പി.അബൂബക്കർ മുസ്ലിയാരുടെ നേരത്തെ മുതലുള്ള നിലപാട്. എന്നാൽ അദ്ദേഹത്തിന്റെ മകൻ ഹക്കിം അസ‍്ഗരിയുടെ നിയന്ത്രണത്തിലുള്ള പുതുപ്പാടിയിലെ നോളജ് സിറ്റിയിൽ ആഗോളകാലാവസ്ഥാ സമ്മേളനത്തിൽ വനിതകളടക്കമെത്തിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
സ്ത്രീകളുടെ പൊതുവേദികളിലെ പങ്കാളിത്തത്തെ രൂക്ഷമായി നിയന്ത്രിക്കുന്ന സംഘടനയാണ് സമസ്ത. സമസ്തയ്ക്ക് കീഴിലുള്ള പള്ളികളിൽ സ്ത്രീകൾക്ക് വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം പോലും വിലക്കിയിട്ടുണ്ട്. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന പരിപാടികളിലല്ലാതെ സ്ത്രീകളെ വേദി പങ്കിടാൻ അനുവദിക്കാറുമില്ല. എന്നിട്ടും മർക്കസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച കാലാവസ്ഥാ ഉച്ചകോടിയിൽ സ്ത്രീകളെ സംഘടിപ്പിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
മർക്കസ് നോളജ് സിറ്റിയിൽ ഒക്ടോബർ 17 മുതൽ 19 വരെ നടത്തിയ ഉച്ചകോടിയെ ചൊല്ലിയാണ് വിവാദം ഉയർന്നിട്ടുള്ളത്. 40 രാഷ്ട്രങ്ങളിൽ നിന്നുള്ള ഇരുന്നൂറിലേറെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം എന്ന വിഷയത്തിലായിരുന്നു ഉച്ചകോടി.