വഖഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടണം, തിരിച്ചുപിടിക്കാനുള്ള സർക്കാർ ശ്രമത്തിന് പിന്തുണ: സമസ്ത

By Web TeamFirst Published Jan 15, 2022, 4:55 PM IST
Highlights

സ്വത്തുക്കൾ സംരക്ഷിപ്പെടേണ്ടതുണ്ടെന്നത് സമസ്തയുടെ ആവശ്യമാണെന്നും സ്വത്തുക്കൾ തിരിച്ചുപിടിക്കാനുള്ള സർക്കാർ ശ്രമത്തെ പിന്തുണക്കുന്നുവെന്നും ഉമർ ഫൈസി മുക്കം

കോഴിക്കോട്: അന്യാധീനപ്പെട്ടു പോയ വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമമുണ്ടാകണമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. സ്വത്തുക്കൾ സംരക്ഷിപ്പെടേണ്ടതുണ്ടെന്നത് സമസ്തയുടെ ആവശ്യമാണെന്നും സ്വത്തുക്കൾ തിരിച്ചുപിടിക്കാനുള്ള സർക്കാർ ശ്രമത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ബോർഡിന്റെ പേരിൽ പല കോലാഹങ്ങളും സംസ്ഥാനത്ത് നടക്കുന്നുണ്ട്. അത് നടക്കട്ടെ. പല രാഷ്ട്രീയങ്ങളും വഖഫ് ബോർഡുമായി ബന്ധപ്പെട്ടുണ്ട്. അതും ആ വഴിക്ക് നടക്കട്ടെ. പക്ഷെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്. സുന്നി പള്ളികൾ പലതും സലഫികൾ കയ്യടക്കിയെന്ന് ആരോപിച്ച അദ്ദേഹം ഇത് തിരിച്ച് പിടിച്ച് അവകാശികൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് രാഷ്ട്രീയം നോക്കാതെ പിന്തുണയുണ്ടാകുമെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്ന വഖഫ് കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷനിലാണ് സമസ്ത വഖഫുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് വിശദീകരിച്ചത്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനും വീണ്ടെടുക്കാനുമുള്ള ചര്‍ച്ചകള്‍ക്കാണ് വഖഫ് കൗണ്‍സില്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. ഈ കണ്‍വെന്‍ഷനിലാണ് വഖഫ് വിഷയങ്ങളില്‍ സമസ്തയുടെ നിലപാട് പണ്ഡിത സഭയായ മുശാവറയിലെ അംഗം ഉമര്‍ ഫൈസി മുക്കം വിശദീകരിച്ചത്.

വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള സര്‍ക്കാറിന്‍റെ ശ്രമങ്ങള്‍ക്ക്  സമസ്തയുടെ പിന്തുണ ഉമര്‍ ഫൈസി മുക്കം ഉറപ്പ് നല്‍കി. പിഎസ്‌സി വിവാദം അതിന്‍റെ വഴിക്ക് പോട്ടെ എന്ന നിലപാടാണ് സമസ്തക്ക്  ഉള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉമര്‍ ഫൈസിയുടെ വാക്കുകള്‍.

വഖഫ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജീവനക്കാരും സൗകര്യവും വേണം. ആയുധമില്ലാതെ പോരാടാനാവില്ലെന്ന് ചെയര്‍മാന്‍ ടികെ ഹംസ പറഞ്ഞു. സമസ്ത, ഇകെ സുന്നി, എപി സുന്നി വിഭാഗം നേതാക്കളും ഐഎന്‍എല്‍ സംസ്ഥാന ഭാരവാഹികളും, വഖഫ് ബോര്‍ഡ് അംഗങ്ങളും അടക്കം നിരവധി പേർ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

click me!