
ആർഎസ്പിയുടെ കോട്ടയെന്നാണ് ചവറ നിയമസഭാ മണ്ഡലത്തിനുള്ള വിശേഷണം. ബേബി ജോണും പിന്നീട് മകൻ ഷിബു ബേബി ജോണും മത്സരിച്ച് ജയിച്ച മണ്ഡലം. ഇടതുപാളയം വിട്ട് യുഡിഎഫിലെത്തിയിട്ടും ഷിബു ബേബി ജോണിനെ ചവറ രണ്ട് തവണ നിയമസഭയിലെത്തിച്ചിരുന്നു. എന്നാല്‍ 2016-ൽ എൻ വിജയൻ പിള്ളയാണ് ഷിബു ബേബി ജോണിനെ വീഴ്ത്തി മണ്ഡലം ഇടതുപക്ഷത്തിനൊപ്പം ചേർത്തത്.
ചവറയില്‍ കഴിഞ്ഞതവണ കളത്തിലിറങ്ങിയ രണ്ട് സ്ഥാനാർഥികള്‍ തന്നെയാണ് ഇത്തവണയും മത്സരത്തിനുള്ളത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി സുജിത് വിജയൻപിള്ളയും യുഡിഎഫിനുവേണ്ടി ആർഎസ്പിയുടെ ഷിബു ബേബി ജോണുമായിരുന്നു ചവറയില്‍ അങ്കത്തിനിറങ്ങിയത്. 1096 വോട്ടിനാണ് സുജിത് ജയിച്ചത്. ഇക്കുറിയും ഇവർ തന്നെയാണ് ഏറ്റുമുട്ടുന്നത്. എൻ.ഡി.എ. മുന്നണിയുടെ സ്ഥാനാർഥിയായി ബി.ജെ.പിയുടെ കെ ആര്‍ രാജേഷ് ആണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
ആർഎസ്പിയുടെ കോട്ട
ആർഎസ്പിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ചവറ, 1977 ൽ രൂപീകരിക്കപ്പെട്ട ശേഷം ഒരൊറ്റത്തവണയൊഴികെ ആർഎസ്പി സ്ഥാനാർഥികളെ മാത്രമാണ് ചവറ നിയമസഭയിലേക്ക് അയച്ചിട്ടുള്ളത്. 1977 മുതൽ 96 വരെ ബേബി ജോൺ, 2001-ൽ മകന്‍ ഷിബു ബേബി ജോൺ, 2006-ൽ എൻ.കെ. പ്രേമചന്ദ്രൻ, 2011-ൽ വീണ്ടും ഷിബു ബേബി ജോൺ. 2016 ലാണ് എൽഡിഎഫിന് വേണ്ടി എൻ. വിജയൻപിളള മണ്ഡലം ആര്‍എസ്പിയില്‍ നിന്ന് പിടിച്ചെടുത്തത്. ശേഷം വിജയൻ പിള്ളയുടെ നിര്യാണത്തിനു പിന്നാലെ ഉപതിരഞ്ഞെടുപ്പ് സാധ്യത ഉയർന്നപ്പോൾ മുതൽ യുഡിഎഫ് അവിടെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നതും ഷിബുവിനെയാണ്. വിജയൻപിള്ളയുടെ മകൻ വി. സുജിത് വിജയൻ പിള്ളയെയാണ് സിപിഎം സ്വതന്ത്രനായി എൽഡിഎഫ് മണ്ഡലം നിലനിർത്താനിറക്കിയത്.
2021-ലെ തെരഞ്ഞെടുപ്പ്
തീരമേഖലയായതിനാൽ ആഴക്കടൽ മൽസ്യബന്ധനക്കരാറടക്കമുള്ള വിഷയങ്ങൾ ഉയർത്തിയായിരുന്നു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രചാരണം. എന്നാല്‍ സർക്കാരിന്‍റെ നേട്ടങ്ങളും മണ്ഡലത്തിൽ വിജയൻ പിള്ളയുടെ പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു ഇടതിന്‍റെ പ്രചാരണം. വിജയൻ പിള്ളയുടെ നിര്യാണത്തെത്തുടർന്നുള്ള സഹതാപ വോട്ടുകളും അനുകൂലമായി. വിജയൻ പിള്ളയുടെ വിയോഗത്തിന് ശേഷം എംഎൽഎ ഓഫിസിന്റെ പ്രവർത്തനങ്ങൾ നോക്കിയിരുന്നതും സുജിത്താണ്. ആ അനുഭവ സമ്പത്തും സുജിത്തിന് തുണയായി. 63282 വോട്ടുകളാണ് 2021ലെ തെരഞ്ഞെടുപ്പില്‍ സുജിത്തിന് ലഭിച്ചത്. ഷിബു ബേബി ജോൺ 62186 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് തള്ളപ്പെടുകയായിരുന്നു.
ഇത്തവണ ആര് വാഴും, ആര് വീഴും?
ഈ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ എൽഡിഎഫും തിരിച്ച് പിടിക്കാൻ യുഡിഎഫും ഇറങ്ങുമ്പോൾ പോരാട്ടം ശക്തമാകുമെന്ന് ഉറപ്പാണ്. ഇത്തവണ രാഷ്ട്രീയസാഹചര്യങ്ങൾ മാറിമറിഞ്ഞത് ഗുണം ചെയ്യുമെന്നാണ് മുന്നണികളുടെ ആത്മവിശ്വാസം. എൽഡിഎഫ് സർക്കാരിന്റെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും വോട്ടാകും എന്ന പ്രതീക്ഷയിലാണ് സുജിത്ത്. സര്‍ക്കാര്‍ വിരുദ്ധ വോട്ട് ലക്ഷ്യമിട്ടാകും ഷിബു ബേബി ജോണ്‍ പോരാട്ടത്തിനിറങ്ങുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam