'മിന്നല്‍ മുരളി'യിലെ ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവം; പ്രതികരണവുമായി സന്ദീപ് ജി വാര്യര്‍

By Web TeamFirst Published May 25, 2020, 9:50 AM IST
Highlights

ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് അക്രമത്തിനു പിന്നിൽ. ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല- സന്ദീപ് ജി വാര്യര്‍

കൊച്ചി: ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് അക്രമത്തിനു പിന്നിൽ. ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ലെന്ന് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

 മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചുനീക്കിയെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗദള്‍ രംഗത്ത് വന്നിരുന്നു. 'കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'- എഎച്ച്‌പി ജനറല്‍ സെക്രട്ടറി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

അതേസമയം സിനിമ സെറ്റ് പൊളിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് രംഗത്തെത്തിയത്. ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് സന്ദീപ് ജി വാര്യര്‍ പറയുന്നു. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്.

സിനിമ കഴിഞ്ഞാൽ എടുത്തു മാറ്റുന്ന ഒരു താൽക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് അക്രമത്തിനു പിന്നിൽ. ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാൻ ആഗ്രഹമുള്ളവർ വർഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ ? താൽക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകർത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. 

സിനിമ സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു, ബേസില് ജോസഫ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ രംഗത്തെത്തി.  ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്. അത് പൊളിച്ചു നീക്കാനുണ്ടായ കാരണം ഞെട്ടൽ ഉണ്ടാക്കുന്നുവെന്ന് അജു വര്‍ഗ്ഗീസ് പ്രതികരിച്ചു. 

Read more at: മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ചതിന്‍റെ കാരണം ഞെട്ടിക്കുന്നത്; പ്രതികരണവുമായി അജു വര്‍ഗീസ് 

 

click me!