കൊച്ചി: ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തില്‍ പ്രതികരിച്ച് അജു വര്‍ഗീസ്. ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതും. എങ്ങനെ തോന്നുന്നു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അജു വര്‍ഗീസിന്‍റെ പ്രതികരണം.

മിന്നൽ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്. കൊറോണ- ലോക്കഡോൺ കാരണം ഷൂട്ട് നീങ്ങി. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതും. അജു വര്‍ഗീസ് ഫേസ്‌ബുക്കില്‍ കുറിച്ചു. 

സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തു നിന്ന് പൊളിച്ചുനീക്കിയതായി എഎച്ച്‌പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു ഫേസ്‌ബുക്ക് പോസ്റ്റില്‍ ഹരി പാലോട്.  

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് മിന്നല്‍ മുരളി ഒരുക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ സിനിമയില്‍ അജു വര്‍ഗീസ് അഭിനയിക്കുന്നുണ്ട്. തമിഴ് താരം ഗുരു സോമസുന്ദരം, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.