'മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചു'; ഇഡിക്കെതിരെ സന്ദീപിന്റെ മൊഴി

By Web TeamFirst Published Apr 2, 2021, 6:04 PM IST
Highlights

മുഖ്യമന്ത്രി, സ്പീക്കർ, കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോൾ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു. 

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി. ഇഡിക്കെതിരായ കേസിലാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. സന്ദീപിനെ അഞ്ച് മണിക്കൂർ നേരം ക്രൈംബ്രാഞ്ച് ജയിലിൽ ചോദ്യം ചെയ്തു. 

ഇഡിക്കെതിരായ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രി, സ്പീക്കർ, കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോൾ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു. സന്ദീപിന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയിൽ റിക്കോർഡ് ചെയ്തു.

എൻഫോഴ്സ്മെന്റ് അറിയാതെയാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് ഇഡിയ്ക്ക് നൽകിയിട്ടില്ല. ഇഡിയുടെ വിശദീകരണം കേൾക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയതെന്നും കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചുവെന്നുമാണ് ഇഡിയുടെ വാദം. ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ ആരോപിക്കുന്നു.

കസ്റ്റഡിയിലുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് കത്ത് നൽകിയിരുന്നു. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. എറണാകുളം സെഷൻസ് കോടതി അനുമതിയോടെയാണ് സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

click me!