
അട്ടപ്പാടി മധുകൊലക്കേസിൽ മണ്ണാർക്കാട് എസ്സി എസ്ടി വിചാരണക്കോടതി ഇന്ന് ആദ്യം വിസ്തരിച്ചത് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെയാണ്. മധുകൊല്ലപ്പെട്ട നേരത്ത് ഒറ്റപ്പാലം സബ്കളക്ടറായിരുന്നു അദ്ദേഹം. മധുവിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തതതും അന്നത്തെ അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ജെറോമിക് ജോർജാണ്. ജെമോറോമിക് ജോർജ് കേസിലെ എഴുപത്തിയെട്ടാം സാക്ഷിയാണ്.
കോടതി നടപടികളുടെ പ്രധാന ഭാഗം ഇവയാണ്.
1. മധു മരിച്ചത് പൊലീസ് കസ്റ്റഡിയിൽ തന്നെ; മുക്കാലിയിൽ നിന്ന് മർദനമേറ്റ മധുവിനെ പൊലീസ് എത്തി അഗളിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ചേതനയറ്റു എന്ന് ഡോക്ടർ അറിയിച്ചതായി ജെറോമിക് ജോർജിന്റ മൊഴി.
2. മധു ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും ശേഖരിച്ച് നൽകിയ ശേഷം തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കിയതും ജെറോമിക് ജോർജ് ആണ്.
3. മധുവിന്റെ ശരീരത്തിൽ മാരകമായ മുറിവുകൾ കണ്ടെത്തിയിരുന്നില്ല. പഴയതും പുതിയതുമായി 15 മുറിവുകളുണ്ട്. ഇവയൊന്നും വലിയ മുറിവുകളില്ല. തലയിലെ മുറിവ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ എഴുതാത്തത് എന്തുകൊണ്ടെന്ന്
പ്രതിഭാഗം ചോദിച്ചു. ശ്രദ്ധയിൽപ്പെട്ടില്ല എന്നായിരുന്നു മറുപടി.
മറ്റു നടപടികൾ
പതിനൊന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതിക്ക് മുന്നിലുള്ളത്. മണ്ണാർക്കാട് വിചാരണക്കോടതി നാളെ വിധി പറയും. വിസ്താരത്തിനിടെ സ്വന്തം ദൃശ്യം കാണിച്ചപ്പോൾ അത് താനല്ലെന്ന് മൊഴി നൽകിയ 36-ാം സാക്ഷി അബ്ദുൽ ലത്തീഫിന്റെ ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നത് വൈകും. പരിശോധനയ്ക്കായി പാസ്പോർട്ട് ഹാജരാക്കണമെന്ന വിചാരണക്കോടതി ഉത്തരവിനെതിരെ അബ്ദുൽ ലത്തീഫ് ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടി. കാഴ്ച പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനിൽകുമാറിന്റെ കേസ് ബുധനാഴ്ച പരിഗണിക്കും. മധുവിന്റെ അമ്മ മല്ലി ഉൾപ്പെടെയുള്ള സാക്ഷികളെ നാളെ വിസ്തരിക്കും.
അഭിഭാഷകർ തമ്മിൽ തർക്കം
തിരുവനന്തപുരം ജില്ലാ കള്കടർ ജെറോമിക് ജോർജിനെ വിസ്തരിക്കുന്നതിനിടെ പ്രതിഭാഗം അഭിഭാഷകർ തമ്മിൽ തർക്കം. പതിനഞ്ചാം നമ്പർ മുറിവിനെ കുറിച്ച് പ്രതിഭാഗം അഭിഭാഷകനായ ഷാജിത്ത് ഇൻക്യൂസ്റ്റ് ചെയ്ത സാക്ഷിയെ വിസ്തരിക്കുമ്പോഴാണ്, പ്രതിഭാഗത്തിൻ്റെ മറ്റൊരു അഭിഭാഷകനായ ജോൺ ജോൺ ഇടപെട്ടത്. ഇതിനെ ചൊല്ലി കോടതിയിൽ ചെറിയ വാക്കേറ്റമുണ്ടായെങ്കിലും വിചാരണ തടസ്സപ്പെട്ടില്ല. മറുപടി പറഞ്ഞ ചോദ്യം അഭിഭാഷകർ ആവർത്തിച്ചപ്പതിനെ പരിഭവം സാക്ഷി കോടതിയെ അറിയിക്കുന്ന സാഹചര്യവും കോടതിയിലുണ്ടായി. ഇൻക്യുസ്റ്റ് റിപ്പോർട്ട് ആർഡിഒ കോടതിയിൽ എത്തിച്ച സമയത്തെ സീൽ ഇല്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും സാക്ഷി ഒഴിഞ്ഞുമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam