
പാലക്കാട്: കോൺഗ്രസിന്‍റെ അന്ത്യത്തിന്‍റെ തുടക്കമാണ് സന്ദീപ് വാര്യരുടെ വരവെന്ന് മന്ത്രി എം ബി രാജേഷ്. സന്ദീപ് വാര്യർ അന്തകവിത്താണ്. സന്ദീപിനെ ചുമന്ന് കോൺഗ്രസ് കുറച്ചുകൂടി നടക്കണം. ഇന്നലെ വേണ്ടത്ര എല്ലായിടത്തും എത്തിച്ചില്ല. കഴിയാവുന്നത്ര ഇടങ്ങളിൽ കൊണ്ടുപോകണം. പാർട്ടിക്കാർ തിരിഞ്ഞു നോക്കിയില്ല എന്ന് പരിതപിച്ച സമയത്ത് എ കെ ബാലൻ ആശ്വസിപ്പിക്കുന്ന വാക്കുകൾ പറഞ്ഞെന്ന് മാത്രമേയുള്ളുവെന്നും എം ബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഞങ്ങളുടെ പാർട്ടിയിലേക്ക് എടുക്കാൻ പറ്റുന്നതല്ല എന്ന് ഞങ്ങൾക്ക് അറിയാം. വിഷം ചീറ്റിയെ ആളെ ഞങ്ങൾ എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണെന്നും എം ബി രാജേഷ് പറഞ്ഞു. സന്ദീപ് ആർഎസ്എസിനെ തള്ളി പറയാൻ തയ്യാറായുണ്ടോ, സവർക്കറേ തള്ളിപ്പറയുമോ എന്നും രാജേഷ് ചോദിച്ചു. ആർഎസ്എസ് കോൺഗ്രസിലേക്ക് നിയോഗിച്ച ഏജന്‍റ് ആണ് സന്ദീപ് വാര്യർ.
കോൺഗ്രസിൽ ധാരാളം ആർഎസ്എസ് ഏജന്‍റുമാരുണ്ട്. ഇപ്പോൾ പുതിയ ഏജന്‍റ് വന്നു എന്നേയുള്ളുവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം, അപ്പം കൊടുത്തു പിണ്ണാക്ക് വാങ്ങിയ അവസ്ഥയായി കോൺഗ്രസിനെന്നായിരുന്നു എ കെ ബാലന്‍റെ പ്രതികരണം. യുഡിഎഫിനൊപ്പം നിൽക്കുന്ന ഒരു വിഭാഗം വൻ പ്രതിഷേധത്തിലാണ്. വോട്ട് കൈവിട്ടു പോകുമോ എന്ന പേടിയിലാണ് സന്ദീപിനെ ഉടൻ പാണക്കാട്ടേക്ക് അയച്ചത്.
യുഡിഎഫ് - ആര്‍എസ്എസ് അവിശുദ്ധ ബന്ധത്തിനുള്ള പാലമാണ് സന്ദീപ് വാര്യര്‍. കെപിസിസി ഓഫീസിനുള്ളിൽ ഇനി ആര്‍എസ്എസ് ശാഖ തുടങ്ങാം. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ യുഡിഎഫിനൊപ്പം നിൽക്കുന്ന ഒരു വിഭാഗം അതിശക്തമായ പ്രതിഷേധത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം കിട്ടിയില്ലെങ്കിൽ സ്നേഹത്തിന്റെ കട വിടരുതെന്ന് കെ മുരളീധരൻ വരെ സന്ദീപിനോട് പറഞ്ഞുകഴിഞ്ഞുവെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam