
തിരുവനന്തപുരം: പരാതിക്കാരിയുടെ പേരോ ചിത്രമോ താൻ പുറത്തുവിട്ടിട്ടില്ലെന്ന് മുൻകൂർ ജാമ്യഹർജിയിൽ സന്ദീപ് വാര്യർ. ഇത്തരം പ്രവണതകൾക്ക് കൂട്ടുനിന്നിട്ടില്ല. കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യഹർജിയിൽ സന്ദീപ് വാര്യർ പറഞ്ഞു. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിലാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.
നേരത്തെ കേസിൽ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അഭിഭാഷകനാണ് സന്ദീപിനായും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അതിനിടെ സന്ദീപ് വാര്യർക്കെതിരെ പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി. ജില്ലാ സെക്രട്ടറി കെസി റിയാസുദ്ദീനാണ് പരാതി നൽകിയത്. അതിജീവിത നൽകിയ പരാതിയിൽ ഇന്നലെ സന്ദീപ് വാര്യറുൾപ്പെടെ നാലുപേരെ കേസിൽ പ്രതിയാക്കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തൽ, ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് സന്ദീപ് വാര്യർക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസിൽ ഒന്നാം പ്രതി മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ്. ഈ കേസിൽ പ്രതിചേർക്കപ്പെട്ട മറ്റ് നേതാക്കളെയും ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നതിനിടെയാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇതിനിടെ, ലൈംഗിക പീഡന പരാതിയിൽ കേസെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇപ്പോഴും ഒളിവിലാണ്.