
തൃശ്ശൂര്‍: കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്തിയതിന് പിന്നിൽ ആർഎസ്എസ് - ബംജ്റംഗദൾ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപിനെയാണ് ഇന്നലെ രാത്രി ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. 26 വയസ്സായിരുന്നു ഇയാൾക്ക്. സുഹൃത്തുക്കളായ അഞ്ഞൂര്‍ സിഐടിയു തൊഴിലാളി ജിതിന്‍. പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍ എന്നിവര്‍ക്കും ആക്രമത്തിൽ വെട്ടേറ്റിട്ടുണ്ട്.
സിപിഎമ്മിന് വലിയ സ്വാധീനമുള്ള പ്രദേശമാണ് ചിറ്റിലങ്ങാട്. എന്നാൽ സമീപകാലത്തൊന്നും ഇവിടെ രാഷ്ട്രീയസംഘർഷങ്ങളുണ്ടായിട്ടില്ല. കൊലപാതകം നടത്തിയത് ആർഎസ്എസ് - ബംജ്റംഗദൾ പ്രവർത്തകരാണെന്നും സനൂപിൻ്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും തദ്ദേശസ്വയംഭരണസ്ഥാപനമന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും ആരോപിച്ചു.
കുത്തേറ്റ ശേഷം സനൂപ് മുന്നൂറ് മീറ്ററോളം ഓടിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇയാൾ ഓടിയ വഴിയിൽ മുഴുവൻ ചോരപ്പാടുകൾ ദൃശ്യമാണ്. കുത്തേറ്റ സനൂപ് ഓടിയെത്തിയത് പ്രദേശത്തെ ഒരു വീട്ടമ്മയുടെ മുന്നിലേക്കാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന നന്ദൻ എന്നയാളാണ് സനൂപിനെ ഓടിച്ചിട്ട് കുത്തിയതെന്നാണ് പരിക്കേറ്റ മറ്റുള്ളവർ പറഞ്ഞത്.
നന്ദൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് എന്നാണ് വിവരം. പരിക്കേറ്റ സനൂപിൻ്റെ കൂട്ടുകാരനുമായി അക്രമിസംഘത്തിന് നേരത്തെ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതു പറഞ്ഞു തീർക്കാനാണ് പഴഞ്ഞി പുതുശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സനൂപും മറ്റുള്ളവരും ഇവിടേക്ക് എത്തിയത്.
അക്രമിസംഘത്തിനടുത്തേക്ക് സനൂപും സംഘവും എത്തുമ്പോൾ അവർ മദ്യപിക്കുകയായിരുന്നുവെന്നും സംസാരിക്കുന്നതിനിടെ പ്രകോപിതരായ നന്ദനും സംഘവും പിന്നെ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നുമാണ് സനൂപിനൊപ്പമുണ്ടായിരുന്നവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പ്രതികളുടെ കൈയിൽ നിരവധി ആയുധങ്ങളുണ്ടായിരുന്നുവെന്നും സനൂപിന് നെഞ്ചിനും വയറിനുമാണ് കുത്തേറ്റതെന്നും പൊലീസ് അറിയിച്ചു. അക്രമി സംഘത്തിൽ എട്ടോളം പേരുണ്ടായിരുന്നുവെങ്കിലും നന്ദൻ അടക്കമുള്ള നാല് പേരാണ് പ്രധാനമായും അക്രമം നടത്തിയത്.
കൊല്ലപ്പെട്ട സനൂപ് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത ഒരു സാധാരണ സിപിഎം പ്രവർത്തകനാണ് എന്നാണ് ഇയാളെ അറിയുന്നവർ പറയുന്നത്. അച്ഛനോ അമ്മയോ ഇല്ലാത്ത അനാഥനായ സനൂപിന് പാർട്ടിയും സഹപ്രവർത്തകരുമായിരുന്നു കുടുംബം. അക്രമം നടത്തിയവർ രക്ഷപ്പെട്ട കാർ കുന്നംകുളം താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുത്തേറ്റ സനൂപ് സംഭവസ്ഥലത്ത് നിന്നു വച്ചു തന്നെ കൊലപ്പെട്ടു. ഇയാൾക്കൊപ്പമുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി പതിനൊന്നരയോടെ നടന്ന കൊലപാതകവാർത്ത ഇന്ന് പുലർച്ചെയോടെയാണ് നാട്ടുകാർ പോലും അറിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam