'സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ ഇന്നും മുടങ്ങില്ല'; വൈകാരിക കുറിപ്പുമായി എഎ റഹീം

By Web TeamFirst Published Oct 5, 2020, 8:57 AM IST
Highlights

പതിവ് പോലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല. അതേ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലോ, മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോള്‍ സനൂപ് ഉണ്ടാകും. കരള്‍ പിളര്‍ക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ.
 

തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പും സനൂപ് കര്‍മ്മ നിരതനായിരുന്നെന്നും ആര്‍എസ്എസ്  ക്രിമിനലുകള്‍ സനൂപിനെ അരുംകൊല ചെയ്തുവെന്നും റഹിം കുറിച്ചു.

അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാന്‍, അവര്‍ക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാന്‍ ഓടി നടക്കുകയായിരുന്നു. പക്ഷേ രക്ത ദാഹികളായ ബിജെപിക്കാര്‍ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു. അല്‍പം മുന്‍പ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ല. നിശ്ചയിച്ചത് പോലെ തന്നെ നടക്കും. സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍,ജീവനോടെ ബാക്കിയുള്ളവര്‍ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നല്‍കുമെന്നും റഹിം കുറിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തൃശൂരും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂര്‍ മേഖലയിലെ സഖാക്കള്‍ക്കായിരുന്നു. വീടുകള്‍ കയറി പൊതിച്ചോറുകള്‍ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ  സഖാക്കള്‍. ചൊവ്വന്നൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി സഖാവ് പി യു സനൂപിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ അരും കൊല ചെയ്തു. ജീവന്‍ നഷ്ടപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പും പ്രിയ സഖാവ് കര്‍മ്മ നിരതനായിരുന്നു. 

താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാന്‍, അവര്‍ക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാന്‍ ഓടി നടക്കുകയായിരുന്നു. പക്ഷേ രക്ത ദാഹികളായ ബിജെപിക്കാര്‍ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു. അല്‍പം മുന്‍പ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ല. നിശ്ചയിച്ചത് പോലെ തന്നെ നടക്കും. സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍,ജീവനോടെ ബാക്കിയുള്ളവര്‍ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നല്‍കും.

പതിവ് പോലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല. അതേ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലോ, മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോള്‍ സനൂപ് ഉണ്ടാകും. കരള്‍ പിളര്‍ക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ.

ഒരു മാസത്തിന്റെ ഇടവേളയില്‍ കൊടിമരത്തില്‍ ഈ പതാക ഇതാ വീണ്ടും  താഴ്ത്തിക്കെട്ടുന്നു.
പക്ഷേ തല കുനിക്കില്ല ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും. കര്‍മ്മ നിരതമായ മനസ്സോടെ,വിശക്കുന്നവന് മുന്നില്‍ കരുതലോടെ, വര്‍ഗീയതയ്ക്കെതിരായ  സമരമായി, ഡിവൈഎഫ്‌ഐ ഉണ്ടാകും.

click me!