
ഇടുക്കി: ശാന്തൻപാറ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് സ്വകാര്യ റിസോർട്ട് മാനേജറുടെ വീഡിയോ പുറത്ത്. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് വസിം വീഡിയോയിലൂടെ പറയുന്നത്. വസിം സഹോദരന് അയച്ച വീഡിയോ പൊലീസിന് കൈമാറി.
ഇടുക്കി ശാന്തൻപാറയിൽ ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിൽ കുഴിച്ചുമൂടിയ നിലയിലാണ് കണ്ടെത്തിയത്. ശാന്തൻപാറ സ്വദേശി റിജോഷാണ് മരിച്ചത്. ഇയാളുടെ ഭാര്യയും റിസോർട്ട് മാനേജറായ കാമുകനും ചേർന്നാണ് കൊലനടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ കാണാതായത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപമുള്ള സ്വകാര്യ റിസോർട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയമായി.
ഇവരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോർട്ടിലെ ഫാമിനടുത്ത് കുഴിയെടുത്തതായി കണ്ടത്. ഇത് കുഴിച്ചുനോക്കിയപ്പോൾ ചാക്കിൽകെട്ടിയ നിലയിൽ റിജോഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്. പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ലിജിയേയും വസീമിനേയും നാലാം തീയ്യതി കുമളിയിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ കുമളിയിൽ നിന്ന് കമ്പംമേട്ട് വഴി തമിഴ്നാട്ടിലെത്താമെന്ന സൂചനയിൽ അവിടെയും, വസീമിന്റ സ്വദേശമായ തൃശ്ശൂരിലുമെല്ലാം അന്വേഷണസംഘം പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam