
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 44 ദിവസമായി ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തെത്തിയത് ആശാ വര്‍ക്കര്‍മാരെ അഭിവാദ്യം ചെയ്യാനാണെന്നും ഇവര്‍ക്ക് എന്നാൽ കഴിയുന്ന സഹായം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശാ വർക്കർമാർക്ക് 50,000 രൂപയുടെ ഒരു കുഞ്ഞു സഹായം കൈമാറി. പറ്റിയാൽ ഇനിയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷത്തിൽ ഒരു സിനിമയാണ്. കടയുടെയോ ക്ഷേത്രത്തിലേയോ ഉദ്ഘാടനത്തിനൊക്കെ പോയാൽ കിട്ടുന്ന തുകയാണ് എന്റെ കയ്യിലുള്ളത്. ചെറിയ തുകയാണ്, ഒരു അമ്പതിനായിരം രൂപ ഞാൻ നൽകാം. ഇതിലും കൂടുതൽ ചെയ്യണമെന്നുണ്ട് പക്ഷെ ഇപ്പോൾ സാധിക്കാത്തത് കൊണ്ടാണ്. അതുകൊണ്ടാണ് ഇങ്ങോട്ട് വരാൻ വൈകിയതെന്നും സന്തോഷ് പണ്ഡിറ്റ് സമര വേദിയിലെത്തി പറഞ്ഞു.
ഇപ്പോൾ നിങ്ങൾ അങ്ങോട്ട് പോകരുതെന്നും, ഇത് രാഷ്ട്രീയ പ്രേരിതമായ സമരമാണെന്നും തന്നോട് പലരും പറഞ്ഞിരുന്നു. നിങ്ങളെ സങ്കിയും കൊങ്ങിയുമാക്കും, അതുകൊണ്ട് ദയവ് ചെയ്ത് ആ വഴിക്ക് പോകരുത് എന്നും പലരും പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതം എന്ന് പറയാൻ പറ്റില്ലാലോ, എല്ലാ ആശാ വര്‍ക്കര്‍മാരും ഒരു രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പറയാൻ കഴിയുമോ, അത് മാത്രമല്ല ഇതൊരു അടിസ്ഥാന വേതനത്തിന് വേണ്ടിയുള്ള സമരമാണ്. അതുകൊണ്ട് തന്നെയാണ് പിന്തുണയ്ക്കാൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വലിയ സഹായമാണ് തങ്ങൾക്ക് ലഭിച്ചതെന്നായിരുന്നു ആശാ വര്‍ക്കര്‍മാരുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam