സനു മോഹന്‍റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും;തമിഴ്നാട്ടിലെ തെരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

By Web TeamFirst Published Apr 14, 2021, 8:25 AM IST
Highlights

പൂനെയിലെയോ എറണാകുളത്തേയോ പണമിടപാട് സംഘം വൈഗയെ കൊലപ്പെടുത്തി സനുമോഹനെ തട്ടികൊണ്ട് പോവാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വൈഗ മരിക്കുന്നതിന് തലേദിവസം കൊച്ചിയിലെ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ അസ്വഭാവിക സംഭവങ്ങൾ നടന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ മുങ്ങി മരിച്ച വൈഗയുടെ പിതാവ് സനുമോഹന്‍റെ തിരോധാനത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങി പൊലീസ്. പത്ത് ദിവസത്തിലേറെയായി തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും സനുമോഹനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ കേസ് ക്രൈബ്രാംഞ്ച് ഏറ്റെടുക്കാനുള്ള സാധ്യതയേറി.

കഴിഞ്ഞ മാർച്ച് 21 നാണ് സനുമോഹനെയും മകൾ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം കിട്ടിയ പിറ്റേ ദിവസം പുലർച്ചെ സനുമോഹൻ സഞ്ചരിച്ചിരുന്ന വാഹനം വാളയർ അതിർത്തി കടന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സനുമോഹൻ എത്താൻ സാധ്യതയുള്ള കോയമ്പത്തൂരിലും ചെന്നെയിലും അന്വേഷണ സംഘം പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്തത്. സനുമോഹന്‍റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സനുമോഹൻ എവിടെയെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പൊലീസിനായില്ല. ഇന്നലെ സത്യമംഗലത്തെ വന മേഖലയിലടക്കം അന്വേഷണ സംഘം തെരച്ചിൽ നടത്തി. വാഹനം പോലും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങുന്നത്. 

പൂനെയിലെയോ എറണാകുളത്തേയോ പണമിടപാട് സംഘം വൈഗയെ കൊലപ്പെടുത്തി സനുമോഹനെ തട്ടികൊണ്ട് പോവാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വൈഗ മരിക്കുന്നതിന് തലേദിവസം കൊച്ചിയിലെ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ അസ്വഭാവിക സംഭവങ്ങൾ നടന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ മൂന്ന് ദിവസം മുൻപ് ഫ്ലാറ്റിലെത്തിയ പണമിടപാട് സംഘത്തെ തിരിച്ചറിയാനായിട്ടില്ല. ഫ്ലാറ്റിലെ സിസിടിവി ഈ ദിവസങ്ങളിൽ പ്രവർത്തിക്കാതിരുന്നതിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഫ്ലാറ്റിന്‍റെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന സനുമോഹൻ താമസക്കാരിൽ നിന്ന് വലിത തുക കടം വാങ്ങിയിട്ടുണ്ട്. കൊച്ചിയിൽ തട്ടികൊട്ടുപോകൽ കേസുകളിൽ മുൻപ് പ്രതികളായവരെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാംഞ്ച് ഏറ്റെടുക്കുന്നതിന് മുന്നോടിയായി ക്രൈംബ്രാഞ്ച് എസ്പി കേസ് ഫയൽ പരിശോധിച്ചെന്നാണ് വിവരം.

click me!