
കോട്ടയം: സ്വന്തം ജീവിതം മാറ്റിമറിച്ച നേതാവിനെ കുറിച്ച് ഓർക്കുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് വൈക്കം സ്വദേശി ശശികുമാർ. ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത ഇദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അനുവദിച്ചുതന്ന ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്കൂട്ടറിലായിരുന്നു. അതും 40ലധികം കിലോമീറ്റർ. പിന്നിട്ട് ഇനി തിരിച്ചു പോകണമെങ്കിൽ രണ്ടു ദിവസമെങ്കിലും വിശ്രമിക്കണം.
''കേട്ടപാതി ഞാൻ ഇങ്ങോട്ട് പോരുകയായിരുന്നു. ഉമ്മൻചാണ്ടി സർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വ്യക്തിയായിരുന്നു. പല സഹായങ്ങളും ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി സാറിനെ വിളിച്ച നേരത്ത് എന്നെ വിളിക്കാൻ മേലായിരുന്നോ? ദൈവത്തിന് പോലും വേണ്ടാത്ത ആളാണ് ഞാൻ. ഞാൻ വൈക്കം കുടവെച്ചൂരിലുള്ളതാ. 2014ലാണ് എനിക്ക് വാഹനം കിട്ടുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് എനിക്ക് കിട്ടിയതാ.'' വിങ്ങിപ്പൊട്ടി ശശികുമാറിന്റെ വാക്കുകൾ.
അർബുദ രോഗ ബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു. മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. മറ്റന്നാൾ പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തെരിയിലാണ് സംസ്കാരം. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോഴത്തെ ആലോചന. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് ഭൌതിക ശരീരം തലസ്ഥാനത്തേക്ക് എത്തിക്കുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. പൊതുദർശനത്തിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്കാരം.