
തിരുവനന്തപുരം: ജവഹർനഗരിലെ കോടികളുടെ ഭൂമിതട്ടിപ്പ് കേസിൽ ശാസ്‌തമംഗലം സബ് രജിസ്ട്രാർ അറസ്റ്റിൽ. സബ് രജിസ്ട്രാർ ലക്ഷ്മിയെ മ്യൂസിയം പൊലീസ് അറസ്റ് ചെയ്തു. പ്രവാസി സ്ത്രീയുടെ കോടികൾ വിലമതിക്കുന്ന ഭൂമിയാണ് തട്ടിയത്. നേരത്തെ ഈ കേസിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠൻ പിടിയിലായിരുന്നു. അനന്തപുരി മണികണ്ഠനെ കേസിൽ പൊലീസ് പ്രതിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മ്യൂസിയം പൊലീസ് പ്രതിയെ പിടികൂടിയത്. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ ഇഷ്ടദാന കരാർ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.
മണികണ്ഠൻ ഇപ്പോള്‍ അഞ്ചാം പ്രതിയാണ്. മ്യൂസിയം പൊലീസ് കേസെടുത്തതോടെ മുങ്ങിയ മണികണ്ഠന്‍റെ മുൻകൂർ ജ്യാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ചെന്നൈയിൽ ഹോട്ടലിൽ താമസിച്ചിരുന്ന മണികണ്ഠൻ ബെംഗളൂരുവിലേക്ക് മാറിയതായി പൊലീസിന് വിവരം ലഭിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിലെടുത്തത്. അന്വേഷണം പുരോഗമിക്കുമ്പോഴും ഭൂമി തട്ടിപ്പിലെ ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്.
ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകള്‍ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് വെണ്ടറും കോണ്‍ഗ്രസ് നേതാവുമായ മണികണ്ഠനാണെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam