
തിരുവനന്തപുരം: സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇടത് - വലത് മുന്നണികൾ തമ്മിലുള്ള ആദ്യ രാഷ്ട്രീയ ബലപരീക്ഷണത്തിന് അരങ്ങൊരുങ്ങി. സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. മറ്റന്നാൾ ഫലം പ്രഖ്യാപിക്കുമ്പോൾ മികച്ച വിജയം ഉറപ്പാക്കേണ്ടത് എൽ ഡി എഫിനും യു ഡി എഫിനും ഒരുപോലെ പ്രധാനമാണ്. ആലപ്പുഴയും കൊല്ലവും ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളും വീണ്ടും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. പ്രാദേശിക വിഷയങ്ങളാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ കൂടുതൽ ചർച്ചയാവുന്നതെങ്കിലും ഗൗരവത്തോടെയാണ് ഇടത് - വലത് മുന്നണികൾ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ഭരണത്തിലേറി മൂന്ന് മാസം പിന്നിടുമ്പോൾ ജനപ്രീതിയിൽ തെല്ലും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കാൻ ഉപതിരഞ്ഞെടുപ്പുകളിലെ മികച്ച വിജയം മുഖ്യമന്ത്രി വി ഡി സതീശനും യു ഡി എഫിനും അനിവാര്യമാണ്. പരാജയത്തിനുശേഷം തെറ്റുതിരുത്തലിലൂടെ ജനവിശ്വാസം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന സി പി എമ്മിനും ഇടത് മുന്നണിക്കും നേരിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞാൽ പോലും അതു നൽകുന്ന ആശ്വാസം ചെറുതാവില്ല.
പ്രിയദർശിനി പദ്ധതി അടക്കം സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിയാണ് യു ഡി എഫ് പ്രചാരണം നടത്തിയതെങ്കിൽ പവർകട്ട് അടക്കം സർക്കാരിനെതിരെ ഉയർന്ന പല വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ ഇടതുമുന്നണിയും ശ്രമിച്ചു. മത്സരം നടക്കുന്ന 38 തദ്ദേശ വാർഡുകളിൽ നിലവിലെ കണക്കനുസരിച്ച് യു ഡി എഫിനാണ് മേധാവിത്വം. 22 എണ്ണം യു ഡി എഫിന്റെ സിറ്റിംഗ് വാർഡുകളാണ്. 15 എണ്ണം എൽ ഡി എഫിനൊപ്പം. ട്വന്‍റി 20 അംഗം രാജി വെച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ നടക്കുന്നത്. എം എൽ എമാർ രാജിവച്ചതിനെ തുടർന്ന് ഒഴിവ് വന്ന 8 തദ്ദേശ വാർഡുകളുണ്ട്. ഇതിൽ 7 ഉം യു ഡി എഫ് സിറ്റിംഗ് സീറ്റുകളാണ്. പലയിടത്തും ബി ജെ പിയും നിർണായക സാന്നിധ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam