
പത്തനംതിട്ട: കോണ്‍ഗ്രസ് എംപി ശശി തരൂരിന് വീര്‍ സവര്‍ക്കര്‍ പുരസ്കാരം നൽകുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമലയിലെത്തിയ വിഡി സതീശൻ ശബരിമല സ്വര്‍ണകൊള്ളയിലടക്കം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ശശി തരൂരിന്‍റെ സവര്‍ക്കര്‍ പുരസ്കാര വിവാദത്തിലും പ്രതികരണം തേടിയത്. ചോദ്യത്തിൽ പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് ഒന്നും പറയാനില്ലെന്ന രീതിയിൽ വിഡി സതീശൻ പോവുകയായിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യം ലഭിച്ചതിലും അടൂര്‍ പ്രകാശ് വിവാദത്തിലും വിഡി സതീശൻ മറുപടി നൽകി. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും നിലപാടിൽ മാറ്റമില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരായ നടപടി ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്. രാഹുൽ നാളെ വോട്ട് ചെയ്യാൻ വരുമോയെന്ന് അറിയില്ല.
ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള അടൂര്‍ പ്രകാശിന്‍റെ പരാമര്‍ശം അദ്ദേഹത്തിന് സംഭവിച്ച ഒരു ചെറിയ സ്ലിപ്പ് മാത്രമാണെന്നും പിന്നീട് അദ്ദേഹം തന്നെ നിലപാട് തിരുത്തിയെന്നും വിഡി സതീശൻ പറഞ്ഞു. താനും കെപിസിസി അധ്യക്ഷനും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസും യുഡിഎഫും അതിജീവിതക്കൊപ്പം തന്നെയാണ്. ശബരിമല സ്വര്‍ണ കൊള്ള കേസിൽ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്യണം. അറസ്റ്റിലായവരുടെ സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണം. സ്വര്‍ണകൊള്ളയിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ട്. സ്വര്‍ണകൊള്ളയിൽ ലോകം അമ്പരന്ന് നിൽക്കുകയാണ്. സ്വര്‍ണ കൊള്ള വിഷയത്തിലടക്കം മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളിൽ തുറന്ന സംവാദത്തിന് തയ്യാറാണ്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളിൽ നിരവധി തെറ്റായ കാര്യങ്ങളുണ്ട്. പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണിപ്പോള്‍. തെരഞ്ഞെടുപ്പ് കഴിയും വരെ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാൻ സർക്കാർ എസ്ഐടിക്കുമേൽ സമ്മർദ്ദം ചെലുത്തി. ശബരിമലയിലെ സ്വര്‍ണം കോടീശ്വരന് വിറ്റുവെന്ന് ആദ്യം പറഞ്ഞത് താനാണ്. ശബരിമല സ്വർണ്ണത്തിന് തൂക്കത്തേക്കാൾ മൂല്യമുള്ളതാണെന്നും വിഡി സതീശൻ പറഞ്ഞു.
അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് ദില്ലിയിൽ അവാർഡിന്‍റെ സംഘാടകരായ എച്ച്ആർഡിഎസ് പ്രതികരിച്ചിരുന്നു. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നത്. എന്നാൽ, പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് തരൂരിന്‍റെ ഓഫീസ് അറിയിച്ചു. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി.ഇന്ന് ദില്ലിയിൽ വച്ച് സമ്മാനിക്കുന്ന വീർ സവർക്കർ അവാർഡിന് തന്നെ തെരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളിൽ നിന്നാണ് ഞാൻ അറിഞ്ഞതെന്നും ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും താനിത് സ്വീകരിച്ചിട്ടില്ലെന്നുമാണ് ശശി തരൂര്‍ വ്യക്തമാക്കിയത്. അവാർഡിന്‍റെ സ്വഭാവം എന്തെന്നോ, ഏത് സംഘടനയാണ് ഇത് സമ്മാനിക്കുന്നതെന്നോ, മറ്റ് അനുബന്ധ വിവരങ്ങളോ സംബന്ധിച്ച് ഒരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ, ഇന്ന് നടക്കുന്ന ചടങ്ങിൽ താൻ പങ്കെടുക്കുമോയെന്നും അവാർഡ് സ്വീകരിക്കുമോയെന്നുള്ള ചോദ്യം പോലും ഉദിക്കുന്നില്ലെന്നുമാണ് തരൂര്‍ ഫേസ്ബുക്കിൽ കുറിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam