
തിരുവനന്തപുരം: കോട്ടയത്തെ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി സയ്യിദ് അഖ്തർ മിർസ ചുമതലയേൽക്കും. മുൻപ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായിരുന്നു ഇദ്ദേഹം. അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് ഇന്ത്യയിലെ വിഖ്യാത ചലച്ചിത്രകാരനെ സംസ്ഥാന സർക്കാർ നിയമിക്കുന്നത്. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട് ഇദ്ദേഹം. അടൂർ തന്റെ ഉറ്റ സുഹൃത്തും താൻ അടൂരിന്റെ ആരാധകനുമാണെന്ന് സയ്യിദ് അഖ്തർ മിർസ പ്രതികരിച്ചു. ഇന്ന് തന്നെ കോട്ടയത്ത് എത്തി വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രശ്നങ്ങൾക്ക് കൂട്ടായി പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ രാജി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ചും വിവാദങ്ങളിൽ പ്രതിഷേധിച്ചുമായിരുന്നു അടൂരിന്റെ രാജി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. ശങ്കർ മോഹനെ ക്ഷണിച്ചുവരുത്തി അധിക്ഷേപിച്ച് പടികടത്തി, ദളിത് ജീവനക്കാരെക്കൊണ്ട് ശങ്കർ മോഹൻ വീട്ടിലെ ശുചിമുറി കഴുകിച്ചെന്ന ആരോപണം തെറ്റാണ്, ശുചീകരണ തൊഴിലാളികളിൽ പട്ടികജാതിക്കാരില്ല, ആത്മാർത്ഥ സേവനം നടത്തിയിരുന്നവരെ കെട്ടുകെട്ടിക്കുയായിരുന്നു സമരത്തിന്റെ ലക്ഷ്യമെന്നും അടൂർ കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam