'ആക്ഷേപങ്ങൾക്ക് പുല്ലുവില'; സമസ്ത നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ

Published : Jan 02, 2022, 07:57 PM ISTUpdated : Jan 02, 2022, 08:06 PM IST
'ആക്ഷേപങ്ങൾക്ക് പുല്ലുവില'; സമസ്ത നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ

Synopsis

സമസ്തയുടെ മലപ്പുറം ജില്ല സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മലപ്പുറം: രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധത്തിൽ സമസ്ത നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. രാഷ്ട്രീയ സംഘടനകളിൽ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമാണുള്ളത്. അതേസമയം മറ്റ് രാഷ്ട്രീയ സംഘടനകളുമായും സമസ്തയ്ക്ക് ബന്ധമുണ്ട്. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാട്. എന്നാൽ എതിർക്കേണ്ട കാര്യങ്ങളിൽ സർക്കാരുകളെ എതിർത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രാഷ്ട്രീയ പാർട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്ന് പറഞ്ഞ അദ്ദേഹം തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നതെന്നും പറഞ്ഞു. സമസ്തയുടെ മലപ്പുറം ജില്ല സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധഭീഷണിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും താൻ പരാതി നൽകിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

വഖഫ് വിഷയത്തിൽ ഒന്നിച്ച് മുന്നോട്ട് പോവുകയായിരുന്ന സമസ്തയും ലീഗിനെയും രണ്ട് നിലപാടിലേക്കെത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് വിവാദങ്ങളുടെ തുടക്കം. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ  മഹല്ലുകളിൽ പ്രതിഷേധിക്കുമെന്ന് നിലപാടെടുത്തതിൽ നിന്ന് സമസ്തയുടെ പിന്മാറ്റം ശ്രദ്ധേയമായിരുന്നു.

ഈ പ്രതിഷേധ രീതിയെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശിക്കുകയും പിന്നീട് സമസ്ത നേതാക്കളെ വഖഫ് വിഷയത്തിൽ ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ആശങ്കകൾ സർക്കാർ ഗൗരവത്തോടെ മനസിലാക്കിയെന്ന് വ്യക്തമാക്കിയ സമസ്ത പിന്നീട് ശക്തമായ സമരപരിപാടികളിൽ നിന്ന് പിന്നോട്ട് പോയി. ഇതോടെ മുസ്ലിം ലീഗിൽ വലിയൊരു വിഭാഗം കടുത്ത അതൃപ്തിയിലുമായി. പിന്നീട് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വധഭീഷണിയടക്കം ഉയർന്നത് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വാക്പോരിലേക്ക് വരെ എത്തി. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് ലീഗ് കുറ്റപ്പെടുത്തിയപ്പോൾ ഡിവൈഎഫ്ഐ നേതാക്കൾ വധഭീഷണിക്ക് പിന്നിൽ സംശയമുനയിൽ മുസ്ലിം ലീഗിനെ നിർത്തുകയും ചെയ്തത് വലിയതോതിൽ ചർച്ചയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 2 ബലാത്സം​​ഗ കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും
ദിലീപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ , പാസ്‌പോർട്ട് വിട്ട് നൽകാൻ അപേക്ഷ നൽകി