
ആലപ്പുഴ: ജാതിവിവേചനത്തിന്‍റെ പേരിൽ വീട് നിർമ്മാണം തടസ്സപ്പെട്ട ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ചിത്രയ്ക്ക് (Chithra) ഒടുവിൽ നീതി. ദളിത് സംഘടനകളും പൊതുപ്രവർത്തകരും വീട് നിർമ്മാണം ഏറ്റെടുത്തു. മേൽനോട്ടത്തിനായി ജില്ലാഭരണകൂടവും പൊലീസും ഇടപെട്ടതോടെ തടസ്സങ്ങളെല്ലാം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ചിത്രയുടെ കുടുംബം. ഒരു വർഷത്തിലധികം നീണ്ട നിയമപോരാട്ടത്തിനും ദുരിതത്തിനുമാണ് വീട് നിർമ്മാണത്തിന് തുടക്കം കുറിച്ചതോടെ പരിഹാരമാകുന്നത്.
ജാതിവിവേചനത്തിന്‍റെ പേരിൽ അയൽവാസികൾ വീട് നിർമ്മാണം തടസപ്പെടുത്തിയെന്ന ദളിത് കുടുംബത്തിന്‍റെ പരാതി മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് പൊതുസമൂഹത്തിന്റെയും അധികാരികളുടേയും ഇടപെടലുണ്ടായത്. പട്ടിജാതി വകുപ്പ് അനുവദിച്ച ഭൂമിയിൽ ലൈഫ് പദ്ധതി പ്രകാരം ചിത്രയ്ക്ക് വീട് വയ്ക്കാൻ സർക്കാർ പണം അനുവദിച്ചിരുന്നു. എന്നാൽ വസ്തുവിലേക്ക് നിർമ്മാണ സാധനങ്ങൾ എത്തിക്കുന്നത് ഏറെക്കാലമായി അയൽവാസികൾ തടഞ്ഞിരിക്കുകയായിരുന്നു.
നീതി തേടി പൊലീസിലും റവന്യൂ വകുപ്പിലും നിരവധി പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ മാധ്യമങ്ങളിലൂടെ സംഭവം പുറത്തറിഞ്ഞതോടെ വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടു. പഞ്ചായത്തും പൊതുപ്രവർത്തകരും ദളിത് സംഘടനകളും ചേർന്ന് വീട് നിർമ്മാണം ഏറ്റെടുത്തു. വീട് നിർമ്മാണം പൂർത്തിയാകും വരെ ചിത്രയ്ക്കും കുടുംബത്തിനും പൊലീസ് സുരക്ഷ നൽകും. സംഭവത്തിൽ സ്വമേധയാ കേസെടുത്ത പട്ടികജാതി കമ്മീഷൻ സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam