
ദില്ലി: സ്വർണക്കടത്ത് (Gold smuggling) കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥർക്കെതിരായ (ED officials) തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിക്ക് അനുമതി നൽകിയ കേരള ഹൈക്കോടതിയുടെ (Kerala Highcourt) വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇഡി ഡെപ്യുട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി സ്റ്റേ ഓർഡർ നൽകിയത്. കേസ് വിശദമായ വാദം കേൾക്കാനായി സുപ്രീംകോടതി മാറ്റിവച്ചു. ജനുവരി മൂന്നാം വാരം ഈ കേസ് വീണ്ടും കോടതി പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മേൽ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിയെ കേരള ഹൈക്കോടതിക്ക് അനുവദിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇഡി ഡയറക്ടർ സുപ്രീംകോടതിയെ സമീപിച്ചത്.
സ്വര്‍ണ്ണക്കള്ളക്കടത്തിന് പിന്നിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിക്ക് അനുമതി നൽകിയ വിധി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവര്‍ക്കുമേൽ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തി എന്നതിൽ സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ് അനുസരിച്ച് കേരള ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഈ അന്വേഷണം ഹൈക്കോടതി പിന്നീട് റദ്ദാക്കിയെങ്കിലും തെളിവുകൾ വിചാരണ കോടതിക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.