
പാലക്കാട്: ജാതീയ അയിത്തത്തിന്റെ പേരിൽ പാലക്കാട് ശവസംസ്കാരം തടഞ്ഞ സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്ര കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. അട്ടപ്പാടി പുതൂര്‍ ശ്മശാനത്തിലാണ്, പട്ടിക ജാതിക്കാരുടെ മൃതദേഹം സംസ്കരിക്കുന്നതിന് വിലക്കുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.
ഏഴുമാസം മുമ്പ് മരിച്ച അട്ടപ്പാടി ഉമ്മത്തും പടിയിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട ശകുന്തളയുടെ മൃതദേഹമാണ് ജാതി വിവേചനം മൂലം പുറമ്പോക്കിൽ സംസ്കരിക്കേണ്ടി വന്നത്. വനഭൂമിയിലായിരുന്നു പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തിയിരുന്നത്. വനം വകുപ്പ് മറ്റൊരിടം കണ്ടെത്തണമെന്ന് പറഞ്ഞതോടെയാണ് പ്രതിസന്ധിയുടെ തുടക്കം.
ശകുന്തളയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പുതൂര്‍ ആലമരം പൊതു ശ്മശാനത്തിലെയെങ്കിലും ജാതി പറഞ്ഞ് ഇവിടെ സംസ്കരിക്കാൻ അനുവദിച്ചില്ല. ഒടുവില്‍ സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്‍റ് പുറമ്പോക്കില്‍ സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യമന്വേഷിച്ച് പുതൂര്‍ പൊതു ശ്മശാനത്തിന്‍റെ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന വേലുച്ചാമിയെ കണ്ടപ്പോൾ കീഴ്‍ജാതിക്കാരെ കൂടെക്കൂട്ടാനാവില്ലെന്നായിരുന്നു മറുപടി. പുറമ്പോക്ക് ഭൂമിയില്‍ സംസ്കാരം നടത്തിയതിന് ഏഴുമാസത്തിനിപ്പുറവും ശകുന്തളയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന ഭീഷണിയുമുണ്ട്.
പട്ടികജാതിക്കാര്‍ക്ക് പുറമ്പോക്ക് ഭൂമിയില്‍ സംസ്കാരം നടത്താന്‍ അനുവാദം നല്‍കിയ സിപിഐ ഭരിക്കുന്ന പഞ്ചായത്ത്, ജാതി വിവേചനം അവസാനിപ്പിക്കാനുള്ള നടപടികളെടുത്തില്ല. സംഭവത്തിൽ രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam