
ദില്ലി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിടണമെന്നുള്ള കേന്ദ്രത്തിന്‍റെ ആവശ്യം തള്ളി സുപ്രീം കോടതി. ഇറ്റാലിയന്‍ നാവികര്‍ കൊല ചെയ്ത മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്‍റെ ഹര്‍ജി കേള്‍ക്കാതെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച നാവികര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇറ്റാലിയന്‍ നാവികര്‍ കൊല ചെയ്ത മത്സ്യബന്ധനത്തൊഴിലാളികളുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണം. അവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കിക്കൊണ്ടുള്ള ചെക്ക് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. യുഎന്‍ ട്രിബ്രൂണലിന്‍റെ തീരുമാന പ്രകാരമായിരുന്നു കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.
മത്സ്യബന്ധനത്തൊഴിലാളികളുടെ കൊലപാതകത്തില്‍ ഇറ്റലി നാവികരെ വിചാരണ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതായി യുഎന്‍ ട്രിബ്യൂണലില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വിശദമാക്കുന്നു. ജൂലെ മൂന്നിനാണ് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. 2012 ലാണ് ഇറ്റലിയൻ കപ്പലായ എൻട്രിക്കാ ലക്സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യതൊഴിലാളികൾ കൊല്ലപ്പെട്ടത്. കപ്പൽ കരയിലേക്ക് എത്തിച്ച കേരള പൊലീസ് നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നീ ഇറ്റാലിയൻ നാവികരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരായ കേസ് നിയമ തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രിബ്യൂണലിൽ എത്തുകയായിരുന്നു. കേസ് എടുക്കാൻ കേരളാ പൊലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി വിഷയത്തിൽ ഇടപെട്ടിരുന്നു.
നേരത്തെ ഇരു രാജ്യങ്ങളുടെയും വാദം കേട്ട ശേഷം യുഎൻ ട്രൈബ്യൂണൽ ചട്ടങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറിയെന്ന് കണ്ടെത്തിയിരുന്നു. നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി യുഎൻ ട്രിബ്യൂണൽ ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ഇല്ലെന്നായിരുന്നു അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം. മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം നൽകണമെന്നും നാവികർക്ക് എതിരായ ക്രമിനൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ട്രിബ്യൂണൽ വിധിച്ചിരുന്നു. ഇന്ത്യ നിയമ വിരുദ്ധമായി തടങ്കലിൽ വച്ചതിന് നാവികർക്ക് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ ആവശ്യം ട്രിബ്യൂണൽ തള്ളുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam