മലപ്പുറം: തിരൂര്‍ മലയാള സര്‍വകലാശാലക്ക് ഉയര്‍ന്ന വിലയ്ക്ക് ഭൂമി വില്‍ക്കാൻ പുതിയ തന്ത്രങ്ങളുമായി രാഷ്ട്രീയക്കാരായ റിയല്‍ എസ്റ്റേറ്റുകാര്‍ വീണ്ടും രംഗത്ത്. വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ ഉപേക്ഷിച്ച ഭൂമിക്കച്ചവടം ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വളഞ്ഞ വഴിയിലൂടെ ഉറപ്പിക്കാനാണ് ഇവരുടെ നീക്കം.
മലയാള സര്‍വകലാശാലക്ക് സ്ഥിരം കെട്ടിടം പണിയാൻ ഭൂമി വാങ്ങാൻ ആലോചന തുടങ്ങിയതോടെതന്നെ തിരൂരില്‍ റിയല്‍ എസ്റ്റേറ്റുകാരും സജീവമായിരുന്നു. വെട്ടം വില്ലേജില്‍ മാങ്ങാട്ടിരിയില്‍ ഇവര്‍ ഇതിനായി വിവിധ ആളുകളില്‍ നിന്ന് കണ്ടല്‍ക്കാടും നഞ്ചയുമടക്കമുള്ള ഭൂമി കുറഞ്ഞ വിലക്ക് വാങ്ങിക്കൂട്ടി. രാഷ്ട്രീയ സ്വാധീനമുള്ള ഇവരുടെ ഇടപെടലിനെതുടര്‍ന്ന് ഈ ഭൂമി വാങ്ങാൻ സര്‍വകലാശാല തയ്യാറെടുക്കുകയും ചെയ്തു.
വെള്ളക്കെട്ടും കണ്ടല്‍ക്കാടുകളുമുള്ള ഭൂമി വൻ വിലക്ക് വാങ്ങാനുള്ള ശ്രമം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്നതോടെ നിവര്‍ത്തിയില്ലാതെ സര്‍വകലാശാല നീക്കം ഉപേക്ഷിച്ചു. ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിദഗ്‍ധ സംഘം വില്‍ക്കാൻ സമ്മതം അറിയിച്ചിട്ടുള്ള എല്ലാ ഭൂവുടമകളേയും സമീപിക്കുമെന്നും ഭൂമി പരിശോധിച്ച് ഏറ്റവും അനുയോജ്യമായത് വാങ്ങുമെന്നുമാണ് അന്ന് വൈസ് ചാൻസലറായ കെ.ജയകുമാര്‍ അറിയിച്ചിരുന്നത്.
പക്ഷെ പേരിനൊരു പരിശോധന നടത്തിയ വിദഗ്ധ സംഘം നേരത്തെ ഉപേക്ഷിച്ച ഭൂമി തന്നെയാണ് ഏറ്റവും അനുയോജ്യമെന്നാണ് കണ്ടെത്തിയത്. വില നേരത്തെ തീരുമാനിച്ചിരുന്ന സെന്‍റിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തന്നെ. നേരത്തെ നിശ്ചയിച്ച 17.21 ഏക്കര്‍ ഭൂമിക്ക് പകരം ഇതിലെ കണ്ടല്‍ക്കാടും വെള്ളക്കെട്ടുമുള്ള മൂന്ന് ഏക്കര്‍ ഒഴിവാക്കി ഭൂമി വാങ്ങാനാണ് പുതിയ തീരുമാനം.
എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നാണ് കണ്ടൽക്കാട് സംരക്ഷണ സമിതിയുടെ നിലപാട്. ഇപ്പോൾ കണ്ടൽക്കാട് ഒഴിവാക്കിയതിന് ശേഷം നിർമ്മാണ സമയത്ത് ഇവിടെ മണ്ണിട്ട് മൂടി പിന്നീട് ഈ ഭൂമിയിലും നിർമ്മാണം നടത്താൻ സാധ്യതയുണ്ടെന്ന് ഇവർ ആരോപിക്കുന്നു.
ഭൂമി സംബന്ധിച്ച കാര്യത്തിനാണെന്ന് പറഞ്ഞതോടെ വൈസ് ചാൻസലര്‍ അനില്‍ വള്ളത്തോള്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കാണാൻ തന്നെ കൂട്ടാക്കിയില്ല. പിന്നീട് രജിസ്ട്രാര്‍ പ്രതിരിച്ചത് ഇത് സർക്കാർ തലത്തിലെ കാര്യങ്ങളാണെന്നും സർവകലാശാലയ്ക്ക് ഇതിൽ യാതൊരു അറിവും ഇല്ല എന്നുമാണ്.
ഭൂമിക്കച്ചവടത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ-റിയല്‍ എസ്റ്റേറ്റ് ഒത്തുകളിക്കെതിരെ കണ്ടല്‍ക്കാട് സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam