
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. മിക്ക കിറ്റുകളിലും 400 മുതൽ 490 രൂപ വരെയുള്ള വസ്തുക്കൾ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയെന്നും വിജിലൻസ് കണ്ടെത്തി. ഓപ്പറേഷൻ കിറ്റ് ക്ലീനിൽ എന്ന വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ.
ഓപ്പറേഷൻ ക്ലീൻ കിറ്റെന്ന പേരിൽ സംസ്ഥാനവ്യാപകമായി ഇന്ന് വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിൽ പരിശോധന തുടരും. പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണ് വിജിലൻസ് ഇന്ന് പരിശോധന നടത്തിയത്.
വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങൾ അടങ്ങിയ 500 രൂപ മൂല്യമുള്ള കിറ്റാണ് ഓണം പ്രമാണിച്ചു സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. 13 നാണ് വിതരണം തുടങ്ങിയത്. എന്നാൽ 500 രൂപയ്ക്കുള്ള വസ്തുക്കൾ കിറ്റിൽ ഇല്ലെന്ന് വ്യാപകമായി പരാതിയുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും 58 പാക്കിങ് സെന്ററുകളിലുമാണ് ഓപ്പറേഷൻ ക്ലീൻ കിറ്റ് നടത്തിയത്. പരാതികൾ എല്ലാം ശരിവയ്ക്കുന്നതാണ് വിജിലൻസ് കണ്ടെത്തൽ.
മിക്ക കിറ്റുകളിലും 400 മുതൽ 490 രൂപ വരെയുള്ള വസ്തുക്കൾ മാത്രമേയുള്ളൂ. ശർക്കരയുടെ തൂക്കത്തിൽ 50 ഗ്രാം മുതൽ 100 ഗ്രാം വരെ കുറവുണ്ട്. ചില പാക്കിങ് സെന്ററുകളിലെ കിറ്റുകളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ വസ്തുക്കളും ഇല്ല. ഉത്പാദന തീയതിയോ പാക്കിങ് തീയതിയോ രേഖപ്പെടുത്തിയിട്ടില്ല.
ഓണക്കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച പറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തിവയ്ക്കും . ക്രമക്കേട് കണ്ടെത്തിയ ഇടങ്ങളിൽ തുടർഅന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിജിലസിന്റെ അറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam