
തിരുവനന്തപുരം: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ കള്ളക്കളി. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു. സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങൾ നടന്നത്. അർജൻ്റീന ടീം വരുമെന്ന സ്പോൺസറുടെ വാഗ്ദാനം ആധികാരിക രേഖകളില്ലാതെയെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
ചട്ടങ്ങൾ മറികടന്നുകൊണ്ടുള്ള അതിവേഗ നീക്കങ്ങളാണ് ഇക്കാര്യത്തിൽ നടന്നത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അർജന്റീന വരും എന്ന വാഗ്ദാനം ആധികാരിക രേഖകൾ ഇല്ലാതെയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അർജൻ്റീന ടീം കേരളത്തിൽ കളിക്കണമെങ്കിൽ ഫിഫ രജിസ്ട്രേഷൻ ഉൾപ്പടെ നിർബന്ധമാണ്. എന്നാൽ, ഫിഫ അംഗീകാരമോ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ്റെ അനുമതിയോ ഒന്നും ഇല്ലാതെയാണ് വാഗ്ദാനം നൽകുന്നതിലേക്ക് കമ്പനിയും സർക്കാരും ഉൾപ്പടെ നീങ്ങിയത്. കൂടാതെ, അന്താരാഷ്ട്ര കരാർ ഉൾപ്പടെ ലംഘനങ്ങളും ഉണ്ടായിട്ടുണ്ട്.
ചട്ടങ്ങൾ മറികടന്നാണ് സ്പോൺസറായി റിപ്പോർട്ടർ കമ്പനിയെ സർക്കാർ തീരുമാനിച്ചത്. സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ ചട്ടങ്ങൾ പാലിച്ചില്ല. റിപ്പോർട്ടർ കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നു. സാമ്പത്തിക ക്രയവിക്രയങ്ങൾ നടന്നത് സുതാര്യമല്ലാതെയാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻകായിക മന്ത്രി വി അബ്ദുറഹ്മാൻ ആണ് എല്ലാം തീരുമാനിച്ചത്. മുൻ മന്ത്രി നടപടിക്രമം പാലിച്ചില്ലെന്നും എല്ലാ കത്ത് ഇടപാടുകളും നടത്തിയത് വി അബ്ദുറഹ്മാൻ നേരിട്ട് ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തട്ടിപ്പിൽ ഉൾപ്പെട്ടവർക്കെതിരെ വിശദ അന്വേഷണവും മുൻ മന്ത്രിയുടെ യാത്രകളും മെയിലുകളും അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
അതേസമയം, കലൂർ സ്റ്റേഡിയം കൈമാറിയതിലും ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്ന് മാച്ച് നടക്കും എന്ന് കൃത്യമായി അറിയിച്ചില്ല. ഫിഫ മാച്ച് രജിസ്ട്രേഷനോ നിയമ, സാമ്പത്തിക വകുപ്പ് അനുമതിയോ ഉണ്ടായിരുന്നില്ല. ഇൻഷുറൻസോ ബാങ്ക് ഗ്യാരണ്ടയോ പോലും ഇല്ലാതെയാണ് സ്റ്റേഡിയം കൈമാറിയതെന്നുമാണ് വിവരങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam