Latest Videos

അമൂല്യ വസ്തുക്കളുടെ പേരിലുള്ള തട്ടിപ്പുകൾ തുടർക്കഥ; അഞ്ച് വര്‍ഷത്തിനിടെ 818 കേസ്, തട്ടിച്ചത് നൂറ് കോടിയോളം

By Web TeamFirst Published Oct 3, 2021, 8:43 AM IST
Highlights

തട്ടിപ്പുകളുടെ ഹോള്‍സെയില്‍ മാര്‍ക്കറ്റാണ് കേരളം.തട്ടിപ്പാണെന്ന് ബോര്‍ഡെഴുതി വച്ചാലും അങ്ങോട്ട് പോയി തലവച്ച്കൊടുക്കും മലയാളി. പണവും മാനവും നഷ്ടപ്പെട്ട് ഒടുവിലാകും പൊലിസിനെ സമീപിക്കുക. 
 

തിരുവനന്തപുരം: അമൂല്യ വസ്തുക്കളുടെ പേരില്‍ തട്ടിപ്പ് (Scam) നടത്തിയതിന് കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 818 കേസുകള്‍. നൂറ് കോടിയോളം രൂപ തട്ടിപ്പിനിരയായവരില്‍ നിന്നും നഷ്ടമായെന്നാണ് പൊലീസിന്‍റെ (Police) കൈവശമുള്ള കണക്ക്. സ്വര്‍ണ്ണച്ചേനയും വെള്ളിമൂങ്ങയും നക്ഷത്ര ആമയും റൈസ് പുള്ളറുമടക്കമുള്ള പല വിധ തട്ടിപ്പുകളിലാണ് മലയാളി തുടർച്ചയായി വീഴുന്നത്. (Mallu Scams)

കേരളത്തില്‍ ഏറ്റവുമധികം ചെലവായ തട്ടിപ്പാണ് ഇറിഡിയം റൈസ് പുള്ളര്‍. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ള ലോഹമാണ് ഇറിഡിയം. എന്നാല്‍ ആയിരം രൂപ പോലും വിലയില്ലാത്ത ലോഹക്കൂട്ട് കാണിച്ച് കോടികളാണ് പലരില്‍ നിന്നും തട്ടിയത്. ഇറിഡിയത്തിന് ന്യൂക്ലിയര്‍ പവര്‍ ഉണ്ടെന്നും നാസയ്ക്ക് വിറ്റാല്‍ ഒരു ലക്ഷം കോടി കിട്ടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്ത് കഴിഞ്ഞ വര്‍ഷം ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് 80 ലക്ഷം തട്ടി. അരിമണികളെ ആകര്‍ഷിക്കാനുള്ള കഴിവ് ഉണ്ടെന്ന അവകാശവാദമാണ് റൈസ് പുള്ളര്‍ എന്ന പേര് വരാൻ കാരണം. 

സാധുക്കളായ പല ജീവജാലങ്ങളേയും തട്ടിപ്പുകാര്‍ മറയാക്കി. സാത്താനെ ആകര്‍ഷിക്കാനും പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനും വെള്ളിമൂങ്ങ പറ്റിയതാണെന്നായിരുന്നു പ്രചാരണം. കൊച്ചിയിലെ ഒരു ഡോക്ടറുടെ പക്കല്‍ നിന്ന് രണ്ട് വര്‍ഷം മുൻപ് തട്ടിപ്പുകാര്‍ വെള്ളിമൂങ്ങയെ നല്‍കി പറ്റിച്ചത് പത്ത് ലക്ഷം. മാരക രോഗങ്ങള്‍ ശമിപ്പിച്ച് ശരീരത്തിന് ഉത്തേജനം നല്‍കുമെന്ന് വിശ്വസിപ്പിച്ച് നക്ഷത്ര ആമയേയും വിറ്റ് കാശാക്കി. വിദേശികളാണ് കൂടുതലും തട്ടിപ്പിനിരയായത്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രങ്ങളും എയര്‍പോര്‍ട്ടുകളും കേന്ദ്രീകരിച്ച് കഴി‍ഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടികൂടിയത് ആയിരക്കണക്കിന് നക്ഷത്ര ആമകളെയാണ്. ഇരുതലമൂരിയെ വീട്ടില്‍ വളര്‍ത്തിയാല്‍ ലൈംഗീക ഉത്തേജനമുണ്ടാകും എന്ന് വിശ്വിച്ച് പാമ്പിനെ വീട്ടില്‍ വളര്‍ത്തിയവരും നിരവധി. 

മാവേലിക്കരയില്‍ സ്വര്‍ണ്ണചേന കാട്ടി അമ്മയും മകനും കോടികള്‍ തട്ടിയത് രണ്ട് വര്‍ഷം മുൻപ്. സ്വര്‍ണ്ണചേനയോടൊപ്പം സ്വര്‍ണ്ണാഭരണങ്ങള്‍ വച്ചാല്‍ ഇരട്ടിക്കുമെന്നാണ് വാഗ്ദാനം. വ്യാജ വിഗ്രഹങ്ങളും പുരാവസ്തു ശേഖരങ്ങളും കാണിച്ച് പണം തട്ടുന്നതില്‍ മോൻസൻ മാവുങ്കലിന് മുൻഗാമികള്‍ നിരവധി. പഴയമയോടുള്ള ഭ്രമം മാത്രമല്ല മലയാളിയെ ഇതിനോട് അടുപ്പിക്കുന്നത്. 

നാഗമാണിക്യം, ഗജമുത്ത്, നിധികുംഭം, സ്വര്‍ണ്ണവെള്ളരി, അങ്ങനെ തട്ടിപ്പുകളുടെ കഥകള്‍ നിരവധിയാണ്. പരാതിക്കാര്‍ പലപ്പോഴും ഉറച്ച് നില്‍ക്കാത്തതും നാണക്കേട് കൊണ്ട് പുറത്ത് പറയാത്തതും ആണ് പല കേസുകളിലും അന്വേഷണം വഴി മുട്ടുന്നത്. ഇത് മുതലാക്കിയാണ് മോൻസൻ മാവുങ്ങലുമാര്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നത്. 
 

click me!