ചൈനയിലേക്ക് മാസ്‍കുകള്‍ കയറ്റി അയച്ചു; ആശുപത്രികളില്‍ മാസ്‍കുകള്‍ക്ക് വന്‍ ക്ഷാമം

By Web TeamFirst Published Feb 26, 2020, 9:03 AM IST
Highlights

കഴിഞ്ഞ ഒരു മാസത്തിനിടെ കേരള വിപണിയിലുണ്ടായിരുന്ന പകുതിയിലേറെ മാസ്കുകളും ചൈനയിലേക്ക് കയറ്റി അയച്ചതായി മൊത്തവിതരണക്കാര്‍ പറയുന്നു. 

കോഴിക്കോട്: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്ക് മാസ്കുകള്‍ കയറ്റി അയച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ മാസ്കുകള്‍ക്ക് വന്‍ ക്ഷാമം. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വേണ്ടത്ര മാസ്കുകള്‍ എത്തുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ കേരള വിപണിയിലുണ്ടായിരുന്ന പകുതിയിലേറെ മാസ്കുകളും ചൈനയിലേക്ക് കയറ്റി അയച്ചതായി മൊത്തവിതരണക്കാര്‍ പറയുന്നു. കോവിഡ് 19 ഉള്‍പ്പെടെ മാരക വൈറസുകളെ ചെറുക്കുന്ന എന്‍ 95 മാസ്ക്കുകള്‍ കിട്ടാനേ ഇല്ല. ടൂ ലെയര്‍, ത്രീലെയര്‍ മാസ്ക്കുകള്‍ക്കും കടുത്ത ക്ഷാമമാണ്. ഇത് കോഴിക്കോട്ടെ മാത്രം സാഹചര്യമല്ല. കേരളത്തിലെ മിക്കയിടത്തും അവസ്ഥ ഇത് തന്നെ.

മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി മാസ്കുകളെത്തുന്നത്. ഈ നഗരങ്ങളിലെ മിക്ക ഫാക്ടറികളിലും നിര്‍മ്മിക്കുന്ന മുഴുവന്‍ മാസ്ക്കുകളും നിലവില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുകയാണ്. കൂടുതല്‍ വില കിട്ടും എന്നത് തന്നെ കാരണം. കൊറോണ നിരീക്ഷണം തുടരുന്നതിനാല്‍ കേരളത്തിലെ ആശുപത്രികളിലെല്ലാം തന്നെ എന്‍ 95 മാസ്കുകള്‍ ആവശ്യമുണ്ട്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുള്‍പ്പെടെ മാസ്കുകള്‍ക്ക് ക്ഷാമമുണ്ട്. അതേസമയം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനാവശ്യമായ മാസ്കുകള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

click me!