
അമ്പായത്തോട്: കണ്ണൂർ അമ്പായത്തോട് വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ. സിഎഎ, യുഎപിഎ വിഷയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിക്കുന്നതാണ് പോസ്റ്റര്‍. കേന്ദ്ര സംസ്ഥാന ഒത്തുകളി ജനങ്ങള്‍ തിരിച്ചറിയണമെന്നാണ് വിമര്‍ശനം. സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പിണറായി സർക്കാരിന്‍റെ പ്രഖ്യാപനം കാപട്യമാണ്. അലനെയും താഹയേയും എൻഐഎയ്ക്ക് കൈമാറിയതിൽ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഇരുവരെയും എന്‍ഐഎയില്‍ നിന്ന് തിരിച്ച് കിട്ടാന്‍ പിണറായി കത്തെഴുതിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടനാണെന്നും പോസ്റ്ററില്‍ പറയുന്നു.
കൂടാതെ സിഎഎ വിരുദ്ധ സമരങ്ങളിൽ പിഎഫ്ഐ, എസ്‍ഡിപിഐ തുടങ്ങിയ സംഘടനകളുടെ കാപട്യം തിരിച്ചറിയണമെന്നും പോസ്റ്ററിലുണ്ട്. കമ്മ്യൂണിസ്റ്റുകളേയും ദളിതുകളേയും മുന്നിൽ നിർത്തി മത രാഷ്ട്ര അജണ്ട നടപ്പാക്കാനാണ് ഇവരുടെ ഗൂഢനീക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം നടത്തണമെന്നും പോസ്റ്ററില്‍ പറയുന്നു. സി പി ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രേത്യക മേഖല കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റർ.
നേരത്തെയും സായുധ മാവോയിസ്റ്റ് സംഘം എത്തുകയും പ്രകടനം നടത്തുകയും ചെയ്‍തിരുന്ന പ്രദേശമാണ് അമ്പായത്തോട്. കഴിഞ്ഞമാസം അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയിരുന്നു. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്‍തായിരുന്നു സംഘം മടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam