
കൊച്ചി: കൊച്ചിയില്‍ സ്കൂൾ കെട്ടിടം താഴിട്ട് പൂട്ടി കിഫ്ബി. വെണ്ണല സർക്കാർ ഹയർ സെക്കന്‍ററി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടമാണ് കിഫ്ബി പൂട്ടിയത്. നാളെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് കിഫ്ബി അധികൃതരുടെ നടപടി. കിഫ്ബി പി ടി എ തർക്കമാണ് സ്കൂൾ കെട്ടി പൂട്ടാൻ കാരണം. ഇതോടെ ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിലിരുന്ന് പഠനം തുടരേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ.
മൂന്ന് കോടിയോളം രൂപ ചെലവിട്ട് നിർമിച്ച വെണ്ണല സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്‍റെ നിർമാണം ആറ് മാസം മുമ്പ് പൂർത്തിയായതാണ്. പക്ഷേ പി ടി എ നിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് കിഫ്ബിയ്ക്ക് നൽകിയില്ല. ഇതോടെയാണ് കിഫ്ബി ഉദ്യോഗസ്ഥരെത്തി കെട്ടിടം താഴിട്ട് പൂട്ടിയത്. നിസ്സാര കാരണങ്ങൾ നിരത്തിയാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാത്തത് എന്നാണ് കിഫ്ബിയ്ക്ക് വേണ്ടി കെട്ടിടം നിർമിച്ച ഇൻകെൽ പറയുന്നത്. സ്കൂളിലെ അഴിച്ചുവച്ച സൗരോർജ സംവിധാനം പുനസ്ഥാപിച്ചില്ല, യുപി സ്കൂൾ കെട്ടിടത്തിന്‍റെ മുകൾ നിലയിലെ വരാന്തയിലുള്ള വാതിലിന് കൊളുത്ത് വച്ചില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പിടിഎ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാത്തത്.
കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടിയാലേ ഇൻകെല്ലിന് നിർമാണത്തിനായി ചെലവാക്കിയ തുക കിഫ്ബിയിൽ നിന്ന് കിട്ടൂ. ഈ സാഹചര്യം നിലനിൽക്കെ പുതിയ കെട്ടിടത്തിൽ നാളെ മുതൽ ക്ലാസ് തുടങ്ങാൻ പിടിഎ തീരുമാനമെടുത്തു. ഇതോടെ കിഫ്ബി ഉദ്യോഗസ്ഥരെത്തി സ്കൂൾ കെട്ടിടം പൂട്ടുകയായിരുന്നു. നിലവിൽ ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്. 18 വർഷമായി ജീർണിച്ച പഴയ കെട്ടിടത്തിലിരുന്നാണ് ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പഠനം. ഈ വർഷമെങ്കിലും സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറമല്ലോ എന്ന് കുട്ടികളും അധ്യാപകരും കരുതിയപ്പോഴാണ് കിഫ്ബിയുടെ നടപടി. കെട്ടിടം പൂട്ടിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.