'മഴ പെയ്യുമ്പോൾ നെഞ്ചില്‍ തീയാണ്', ഏതുനിമിഷവും ഇടിഞ്ഞ് വീഴാറായി സ്കൂൾ കെട്ടിടം; പരാതിയില്‍ നടപടിയില്ല

Published : Aug 07, 2025, 10:52 AM IST
School building

Synopsis

വിള്ളൽ രൂപപ്പെട്ട ഭാഗത്തേക്ക് കുട്ടികൾ കടക്കാതിരിയ്ക്കാൻ പഴയ ഡെസ്ക്കുകളും മറ്റും ഉപയോഗിച്ച് അടച്ചിരിക്കുകയാണിപ്പോൾ

ഇടുക്കി: ഇടുക്കി പാറത്തോട്ടിൽ അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാൻ അഞ്ച് വർഷമായിട്ടും നടപടിയില്ല. പാറത്തോട് ഗവണ്മെന്റ് തമിഴ് മീഡിയം ഹൈസ്കൂളിന്റെ പഴയ കെട്ടിടമാണ് ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലുള്ളത്. 2019 ലെ പെരുമഴയിലാണ് പാറത്തോട് സ്കൂളിൽ എൽ പി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥയിൽ ആയത്. ഭിത്തിയിൽ വലിയ വിള്ളൽ രൂപപ്പെടുകയും തറ താഴേക്കു ഇരിയ്ക്കുകയും ചെയ്തു. ഇതോടെ കെട്ടിടം ഏതു നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയായി.

ഓഫീസ് റൂമും ഒരു ക്ലാസ് മുറിയുമാണ് ഇവിടുണ്ടായിരുന്നത്. 2020 ൽ നടത്തിയ പരിശോധനയിൽ കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചു നീക്കാൻ നിർദേശം നൽകി. അന്നുമുതൽ പിടിഎ തുടർച്ചയായി ജില്ലാ പഞ്ചായത്തിനും വിവിധ വകുപ്പുകൾക്കും അപേക്ഷ നൽകിയെങ്കിലും കെട്ടിടം പൊളിച്ചു നീക്കിയില്ല. ജില്ല പഞ്ചായത്താണ് ഇതിനാവശ്യാമായ തുക അനുവദിക്കേണ്ടത്. പണം സ്ക്കൂൾ അധികൃത‍ർ കണ്ടെത്തണമെന്നാണ് ജില്ല പഞ്ചായത്തിന്‍റെ നിലപാട്. മാത്രവുമല്ല പൊളിച്ചു നീക്കുന്നയൾ ആക്രി സാധനങ്ങൾ എടുക്കുന്നതിന് പതിനൊന്നായിരം രൂപ അടക്കണമെന്നും ജില്ലാ പഞ്ചായത്ത് നിബന്ധന വച്ചിട്ടുണ്ട്. ഇതോടെ രണ്ട് തവണ ടെന്‍റർ വിളിച്ചിട്ടും ആരും കരാർ എടുക്കാൻ തയ്യാറായിട്ടില്ല. മൂന്നാം തവണ ടെന്‍റർ ചെയ്ത് കാത്തിരിക്കുകയാണ് സ്ക്കൂൾ അധികൃതർ.

എൽപി വിഭാഗം ക്ലാസുകളും കുട്ടികളുടെ കളിസ്ഥലവും ഈ കെട്ടിടത്തോട് ചേർന്നാണുള്ളത്. വിള്ളൽ രൂപപ്പെട്ട ഭാഗത്തേക്ക് കുട്ടികൾ കടക്കാതിരിയ്ക്കാൻ പഴയ ഡെസ്ക്കുകളും മറ്റും ഉപയോഗിച്ച് അടച്ചിരിക്കുകയാണിപ്പോൾ. മഴ പെയ്യുമ്പോൾ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നെഞ്ചിൽ തീയാണ്. കെട്ടിടത്തിന്‍റെ അപകടാവസ്ഥ ചൂണ്ടികാട്ടി എൻഡിആർഎഫ് നെയും സ്കൂൾ അധികൃതർ സമീപിച്ചു. ഇടിഞ്ഞു വീണ് ദുരന്തം ഉണ്ടാകുന്നതിനു മുൻപ് കെട്ടിടം പൊളിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

PREV
Read more Articles on
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം