Covid in Kerala : സംസ്ഥാനത്തെ സ്കൂള്‍ അടയ്ക്കല്‍; വിദ്യാഭ്യാസ വകുപ്പിന്‍റെ മാർഗരേഖ മറ്റന്നാൾ ഇറക്കും

By Web TeamFirst Published Jan 15, 2022, 6:08 AM IST
Highlights

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈൻ ആയി തുടരും. ക്ലാസ് സമയവും എത്ര കുട്ടികളെ പ്രവേശിപ്പിക്കണം എന്നതും മാർഗ്ഗ രേഖയിൽ പറയും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള വിശദമായ മാർഗ രേഖ മറ്റന്നാൾ പുറത്തിററക്കും. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകൾ 21 മുതൽ രണ്ടാഴ്ച്ച അടച്ചിടാനാണ് തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈൻ ആയി തുടരും. ക്ലാസ് സമയവും എത്ര കുട്ടികളെ പ്രവേശിപ്പിക്കണം എന്നതും മാർഗ്ഗ രേഖയിൽ പറയും. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ഓൺലൈൻ ക്ലാസ്സിന്റെ വിശദാംശകളും ഇറക്കും.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ സാമുദായിക-സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്. എന്നാല്‍, ഇതിൽ രാഷ്ട്രീയപരിപാടികളുടെ ഉൾപ്പെടുത്തിയില്ല എന്നുള്ളതാണ് ശ്രദ്ധേയം. സിപിഎം സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണിതെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതുസമ്മേളനങ്ങള്‍ മാറ്റിയത്. ടിപിആർ 30 ൽ കൂടുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് അനുവാദമില്ല. മാളുകളിലും നിയന്ത്രണമുണ്ട്.

Also Read: സ്കൂളുകൾ ഭാഗികമായി അടയ്ക്കും, 9-ാം ക്ലാസ് വരെ 21 മുതൽ ഓൺലൈൻ ക്ലാസ്

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ ഓൺലൈൻ സംവിധാനത്തിലൂടെ

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം  ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ  പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും.

സംസ്ഥാനത്ത്  തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്.  കൊവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കൊവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പൊലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്.

കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി  നിർദ്ദേശിച്ചു. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും  ഓൺലൈൻ ആയി നടത്തേണ്ടതാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം.   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.

എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും  പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.

കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിൽ ജനുവരി 16 മുതൽ നേരത്തെ ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർത്ഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി  നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും.

ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നിലവിലെ കൊവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണ്. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

click me!