മാനസിക പീഡനം; പ്രധാന അധ്യാപകനെതിരെ പരാതി നൽകിയ അധ്യാപികയെ പിരിച്ചുവിട്ടു

By Web TeamFirst Published May 4, 2020, 12:13 AM IST
Highlights

അധ്യാപികയുടെ പരാതികളിൽ അന്വേഷണം നടക്കവേയാണ് മാനെജ്മെന്റിന്റെ നടപടി. ജോലിയിൽ നിന്ന് പിരിഞ്ഞു പോകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

തിരുവനന്തപുരം: മാനസിക പീഡനമാരോപിച്ച് പ്രധാന അധ്യാപകനെതിരെ പരാതി നൽകിയ അധ്യാപികയെ പിരിച്ചുവിടാൻ നോട്ടീസ് നൽകി സ്കൂൾ മാനേജ്മെൻറ്. തിരുവനന്തപുരം വട്ടിയൂർകാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അധ്യാപിക്ക്കാണ് നോട്ടീസ്. മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂലിളിലെ പ്രധാന അധ്യാപകൻ സുനിൽ ചാക്കോയ്ക്കെതിരെ 25 വർഷത്തെ സർവീസുള്ള അധ്യാപിക കഴിഞ്ഞ ആഗസ്റ്റിലാണ് രംഗത്ത് എത്തിയത്. 

സംസ്ഥാന വനിതാ കമ്മീഷനും വട്ടിയൂർക്കാവ് പൊലീസിലും അധ്യാപിക പരാതി നൽകിയിരുന്നു. അതിനിടെ അധ്യാപിക മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. എന്നാൽ അനധികൃതമായി സ്കൂളിൽ നിന്ന് വിട്ടുനിന്നുവെന്ന് കാണിച്ച് കഴിഞ്ഞദിവസം സ്കൂൾ മാനേജ്മെന്റ് ഇവർക്ക് നോട്ടീസ് അയച്ചു. ജോലിയിൽ നിന്ന് പിരിഞ്ഞു പോകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

അധ്യാപികയുടെ പരാതികളിൽ അന്വേഷണം നടക്കവേയാണ് മാനെജ്മെന്റിന്റെ നടപടി. വനിതാ കമ്മീഷന്റെ തെളിവെടുപ്പിൽ പരാതിക്കാരിയെ പിന്തുണച്ച മറ്റ് അധ്യാപകരെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അധ്യാപിക വിശദീകരണം നൽകിയില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. സ്കൂൾ മാനേജ്മെന്റ് ചട്ടം അനുസരിച്ചാണ് നടപടിയെന്നും സ്കൂൾ മാനേജ്മെന്റ് ചെയർമാൻ പ്രേമചന്ദ്രക്കുറുപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!