
തിരുവനന്തപുരം: സ്‌കൂളുകളും )school) കോളേജുകളും (college) ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan).
എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനായിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണ്.
സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങള്‍ ആയാലും സ്‌കൂള്‍ വാഹനങ്ങള്‍ ആയാലും അവ ഓടിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. അടച്ചിട്ട മുറികളിലും ഹാളുകളിലും ഉള്ള യോഗങ്ങള്‍ പലയിടത്തും നടക്കുകയാണ്. അത് ഒഴിവാക്കണം. അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂള്‍ തുറക്കുന്നതിനു മുന്നേ നടത്തണം.
കുട്ടികളില്‍ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച് കുട്ടികള്‍ക്കെങ്കിലും കൊവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാവരും വാക്‌സിനേഷന്‍ നടത്തണമെന്ന് പറയുന്നത്. അത് മാത്രമല്ല അവര്‍ മറ്റ് കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണം. സ്‌കൂള്‍ പിടിഎ കള്‍ അതിവേഗത്തില്‍ പുന:സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam