Asianet News MalayalamAsianet News Malayalam

'കിട്ടുന്നത് നേടിയെടുക്കുകയെന്ന ശ്രമം, നോക്കുകൂലി സാമൂഹിക വിരുദ്ധ നീക്കം'; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തൊഴിലാളി യൂണിയനുകൾ നോക്കുകൂലിയെ അംഗീകരിച്ചിട്ടില്ല. ഏതെങ്കിലും ഒരു കൂട്ടർ ഇറങ്ങിപ്പുറപ്പെട്ടാൽ അതിനെ സംഘടനയുടേതായി കാണരുത്.  

cm pinarayi vijayan response over chavara thiruvananthapuram nokkukooli union issues
Author
Thiruvananthapuram, First Published Sep 25, 2021, 7:12 PM IST

തിരുവനന്തപുരം: നോക്കുകൂലി സമ്പ്രദായത്തെ പൂർണമായും തളളി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ലെന്നും. അത്തരം പ്രശ്നങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

''തൊഴിലാളി യൂണിയനുകൾ നോക്കുകൂലിയെ അംഗീകരിച്ചിട്ടില്ല. അത് നേരത്തെ അവർ വ്യക്തമാക്കിയതാണ്. ഏതെങ്കിലും ഒരു കൂട്ടർ ഇറങ്ങിപ്പുറപ്പെട്ടാൽ അതിനെ സംഘടനയുടേതായി കാണരുത്''. നോക്കുകൂലി അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടിയുമായാണ് പൊലീസ്  മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

''നോക്കുകൂലിയുമായി ബന്ധപ്പെട്ട് അടുത്ത് ഉയർന്ന് വന്ന സംഭവങ്ങളിലൊന്നിൽ ഒരു യൂണിയനിലും പെട്ടവരല്ല പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് മനസിലായത്. പക്ഷേ അവരും പറഞ്ഞത് നോക്കുകൂലിയെന്നാണ്. കിട്ടുന്നത് നേടിയെടുക്കുകയെന്ന ശ്രമമാണത്. ഇതിനെ സാമൂഹിക വിരുദ്ധ നീക്കമായാണ് കാണുന്നത്''. ശക്തമായ നടപടിയെടുക്കുമെന്നും അതിൽ അലംഭാവമുണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. 

ചവറയിൽ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ

ചവറയിൽ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ

സിപിഎം രക്തസാക്ഷി സ്‍മാരക നിർമ്മാണത്തിന് പണം നൽകിയില്ലെങ്കിൽ വ്യവസായ സ്ഥാപനത്തിന് മുന്നിൽ കൊടികുത്തുമെന്ന് കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാർട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാൻ പതിനായിരം രൂപ നൽകണമെന്നും ഇല്ലെങ്കിൽ പത്തു കോടി ചെലവിട്ട് നിർമിച്ച, ഷാഹി വിജയന്റെ കൺവെൻഷൻ സെന്ററിനു മുന്നിൽ പാർട്ടി കൊടികുത്തുമെന്നാണ് ബിജു  പ്രവാസി വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്റെ ഭീഷണിക്കു പിന്നാലെ വില്ലേജ് ഓഫിസർ കൺവെൻഷൻ സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി. സംഭവം വിവാദമായതോടെ സിപിഎം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. 

 

Follow Us:
Download App:
  • android
  • ios