
തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോർജ്. കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക എങ്ങനെ കുരുങ്ങിയെന്ന് കണ്ടെത്താനാവില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹർഷിനക്ക് നീതി ഉറപ്പാക്കും. പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയിൽ പറഞ്ഞു.
സ്വകാര്യ മെഡിക്കൽ കോളജിലെ പ്രവേശന ഭേദഗതി ബില്ലിന്‍റെ ചർച്ചക്കിടയായിരുന്നു മന്ത്രിയുടെ പരാമർശം. അതേസമയം, മെഡിക്കൽ ബോർഡ് കണ്ടെത്തലിനെതിരെ അപ്പീൽ പോകുമെന്ന് ഹർഷിന വ്യക്തമാക്കിയിരുന്നു. 16ന് സെക്രട്ടറിയേറ്റിന് മുന്നിൽ സൂചന സമരം നടത്തും. ഏകദിന ഉപവാസമിരിക്കുമെന്നും ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാൻ ഏതറ്റം വരെയും പോകും.
മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും സമര സമിതി അറിയിച്ചു. ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക കോഴിക്കോട് മെഡി. കോളേജിൽ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് മെഡി. ബോർഡ് റിപ്പോർട്ട് എന്നുള്ളതാണ് ശ്രദ്ധേയം.
മെഡിക്കൽ ബോർഡിന്റെ ഈ റിപ്പോർട്ടിനോട് മെഡി. കോളേജ് എസിപി സുദർശനൻ, പ്രോസിക്യൂട്ടർ ജയദീപ് എന്നിവർ വിയോജിച്ചതായാണ് വിവരം. ഹർഷിനയുടെ ശരീരത്തിൽ മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് മുൻപ് ലോഹങ്ങൾ ഇല്ലായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ പൊലീസ് നിഗമനം മുഖവിലയ്ക്കെടുക്കാനാവില്ലെന്നാണ് റേഡിയോളജിസ്റ്റ് നിഗമനം. എംആർഐ സ്കാനിംഗ് സമയത്ത് പലപ്പോഴും ലോഹസാന്നിദ്ധ്യം കൃത്യമായി അറിയാനാവില്ല. രോഗി അബോധാവസ്ഥയിലായതിനാൽ അസ്വസ്ഥത അറിയണമെന്ന് ഇല്ലെന്നുമാണ് റേഡിയോളജിസ്റ്റിന്റെ നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam