Sanjith Murder : സ‍ഞ്ജിത്ത് വധക്കേസ്; ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായത് എസ്ഡിപിഐ മുതലമട പഞ്ചായത്ത് സെക്രട്ടറി

By Web TeamFirst Published Dec 23, 2021, 9:06 PM IST
Highlights

എസ്.ഡി.പി.ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീറാണ് അറസ്റ്റിലായത്. കൃത്യം നടത്താൻ പ്രതികൾക്ക് വാഹനം എത്തിച്ചു നൽകിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കി.

പാലക്കാട്:  ആർഎസ്എസ് (RSS)പ്രവർത്തകൻ സഞ്ജിത്തിനെ (Sanjith Murder Case)  കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. എസ്.ഡി.പി.ഐ (SDPI)  മുതലമട പഞ്ചായത്ത് സെക്രട്ടറി നസീറാണ് അറസ്റ്റിലായത്. കൃത്യം നടത്താൻ പ്രതികൾക്ക് വാഹനം എത്തിച്ചു നൽകിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികൾക്ക് സഹായം നൽകിയവരെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനിരിക്കെയാണ് നസീറിനെ കൊല്ലങ്ങോട് നിന്നും പൊലീസ് പിടികൂടിയത്. കൊലപാതകത്തിനായി വാഹനം എത്തിച്ചു നൽകിയതിന് പുറമേ  ഗൂഡാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

കാറിന്റെ വ്യാജ നമ്പർ പ്ലെയിറ്റൊരുക്കിയതും നസീറാണ്. കൊലപാതകത്തിന് ശേഷം വാഹനം പൊള്ളാച്ചിയിൽ എത്തിച്ച് പൊളിക്കാൻ കൊടുത്തു. പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ നസീർ ഒളിവിൽ പോയി. ഇയാളെ കൊല്ലങ്ങോട് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.

 അതേസമയം കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ആയുധങ്ങൾ നൽകിയ വ്യക്തിയെ ഉടൻ പിടികൂടും. ലുക്ക് ഔട്ട് നോട്ടീസും അടുത്ത ദിവസം തന്നെ പുറത്ത് വിടുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

click me!