പിഎഫ്ഐ നിരോധനത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ എസ്‍ഡിപിഐയുടെ പ്രതിഷേധ പ്രകടനം

By Web TeamFirst Published Sep 28, 2022, 2:32 PM IST
Highlights

പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ നെടുങ്കണ്ടം പോലീസ് അന്വേഷണം തുടങ്ങി.

ഇടുക്കി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ  എസ്‍ഡിപിഐ  പ്രവ‍ർത്തകർ പ്രകടനം നടത്തി. രാമക്കൽമേടിന് സമീപം ബാലൻപിള്ള സിറ്റിയിൽ രാവിലെ ഒൻപതിനായിരുന്നു പ്രകടനം. ഏഴുപേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. കൊടികളൊന്നും ഇല്ലാതെയായിരുന്നു പ്രതിഷേധ പ്രകടനം. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആർഎസ്എസിനെതിരായും പോപ്പുലർ ഫ്രണ്ടിന് അനുകൂലമായും ആയിരുന്നു പ്രകടനത്തിലെ മുദ്രാവാക്യം വിളി. പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം വയനാട്ടിലെ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിൻ്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാനന്തവാടി ഏരിയ പ്രസിഡൻ്റ് കല്ലുമൊട്ടൻകുന്നിലെ സലീമിൻ്റെ വീട്ടിലും പരിസരത്തുമാണ് പോലീസ് പരിശോധന നടത്തിയത്.  മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രനും സംഘവുമാണ് വീട്ടിൽ റെയ്ഡിനെത്തിയത്. കഴിഞ്ഞ ദിവസം സലീമിൻ്റെ എരുമതെരുവിലെ ടയർ കടയിൽ നിന്നും ആയുധം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പോലീസ് വീട്ടിലും കൂടി പരിശോധന നടത്തിയത്. 

പിഎഫ്ഐ നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടർ നടപടിക്ക് നിർദേശിച്ച് കേന്ദ്രസര്‍ക്കാര്‍. നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിൻ്റേയും നിരോധിച്ച എട്ട് അനുബന്ധ സംഘടനകളുടേയും ആസ്തികൾ കണ്ടുകെട്ടും. പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവർത്തനം തുടരുന്നുണ്ടോയെന്ന് നിരീക്ഷിക്കും. 

ആലുവയിൽ അഞ്ച് ആര്‍.എസ്.എസ് നേതാക്കൾക്ക് കേന്ദ്രസേനയുടെ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൻ്റെ പശ്ചാത്തലത്തിൽ ആണ് സുരക്ഷ ഒരുക്കിയത്. ആര്‍.എസ്.എസ് കാര്യാലയമായ കേശവസ്മൃതിക്കും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ കൂടുതൽ നേതാക്കൾക്ക് സുരക്ഷ ഒരുക്കാനും കേന്ദ്രസര്‍ക്കാരിൻ്റെ നിർദ്ദേശമുണ്ട്.   

click me!