ധാരണപ്രകാരമാണ് വോട്ട് നല്‍കിയതെന്ന് എസ്‍ഡിപിഐ, അല്ലെന്ന് എല്‍ഡിഎഫ്; അഴിയൂരില്‍ വാക്പോര്

By Web TeamFirst Published Dec 31, 2020, 7:23 AM IST
Highlights

അഴിയൂര്‍ പഞ്ചായത്തിലും വടകര ബ്ലോക്ക് പഞ്ചായത്തിലും അഴിയൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷിനലും ഇടതുമുന്നണിയുമായി എസ്ഡിപിഐയ്ക്ക് ധാരണയുണ്ടെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിന് പിന്നാലെ ഈ ആരോപണമാണ് വീണ്ടും ചൂടുപിടിക്കുന്നത്

വടകര: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് അഴിയൂരില്‍ അവകാശവാദവുമായി എസ്ഡിപിഐ. ഇടതുമുന്നണിയുമായുള്ള ധാരണയിലാണ് തെരഞ്ഞെടുപ്പ് നേരിട്ടതെന്നും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കിയത് ഇക്കാരണത്താലെന്നും എസ്ഡിപിഐ പറയുന്നു.

എന്നാല്‍ എസ്ഡിപിഐയുടെ അവകാശവാദം തെറ്റാണെന്നാണ് ഇടതുമുന്നണി നിലപാട്. അഴിയൂര്‍ പഞ്ചായത്തിലും വടകര ബ്ലോക്ക് പഞ്ചായത്തിലും അഴിയൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷിനലും ഇടതുമുന്നണിയുമായി എസ്ഡിപിഐയ്ക്ക് ധാരണയുണ്ടെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.

പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിന് പിന്നാലെ ഈ ആരോപണമാണ് വീണ്ടും ചൂടുപിടിക്കുന്നത്. അഴിയൂര്‍ പഞ്ചായത്തില്‍  എസ്ഡിപിഐ ജയിച്ച രണ്ട് വാര്‍ഡുകളിലെ വോട്ടിംഗ് നില ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫിന്‍റെയും ആര്‍എംപിയുടെയും ആരോപണം. എസ്ഡിപിഐ ജയിച്ച 16, 18ആം വാര്‍ഡുകളിലെ വോട്ടിംഗ് നില ആരോപണത്തിന് ശക്തി പകരുന്നതുമായിരുന്നു.

18-ാം വാര്‍ഡില്‍ എല്‍ഡിഎഫിന് കിട്ടിയത് 27 വോട്ട് മാത്രം. എസ്ഡിപിഐയ്ക്ക് 450 ഉം യുഡിഎഫിന് 412ഉം വോട്ടുകള്‍ കിട്ടിയപ്പോഴായിരുന്നു ഇടതുമുന്നണിയുടെ ഈ ദയനീയ പ്രകടനം. 16-ാം വാര്‍ഡില്‍ എസ്ഡിപിഐയ്ക്ക് 440ഉം യുഡിഎഫിന് 403 ഉം വോട്ടുകള്‍ കിട്ടിയപ്പോള്‍ എല്‍ഡിഎഫിന് കിട്ടിയത് 110 വോട്ടുകള്‍ മാത്രം.

ഇതിനു പ്രത്യുപകാരമായി വടകര ബ്ലോക്ക് പഞ്ചായത്തിലും അഴിയൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും എസ്ഡിപിഐ ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്നായിരുന്നു യുഡിഎഫിന്‍റെയും ആര്‍എംപിയുടെയും ആരോപണം. പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിന് പിന്നാലെ ഈ ആരോപണമാണ് എസ്ഡിപിഐ ശരി വയ്ക്കുന്നത്.

അതേസമയം, എസ്ഡിപിഐയുടെ വാദം അസംബന്ധമെന്ന് ഇടതുമുന്നണി പറയുന്നു. പ്രസിഡന്‍റ്  തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് എസ്ഡിപിഐ സ്വന്തം നിലയിലാണ് വോട്ട് ചെയ്തത്. എസ്ഡിപിഐ വോട്ടുനേടി ജയിച്ചിരുന്നെങ്കില്‍ പ്രസിഡന്‍റ് സ്ഥാനം ഇടതുമുന്നണി രാജിവയ്ക്കുമായിരുന്നെന്നും ഇടതുമുന്നണി വ്യക്തമാക്കി. വടകര, അഴിയൂര്‍ പ്രദേശങ്ങളിലെ മുസ്ലിം ലീഗ് സ്വാധീനമേഖലകളിലായിരുന്നു എസ്ഡിപിഐ കൂടുതല്‍ വോട്ടുകള്‍ പിടിച്ചത്. ഇത് പരോക്ഷമായെങ്കിലും ഇടതുമുന്നണിക്ക് നേട്ടമായെന്നാണ് ഈ മേഖലയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 

click me!